p.m manoj statement on university college issue

തിരുവനന്തപുരം: സങ്കുചിത താല്‍പര്യക്കാരുടെ ആക്രാന്തം പൂണ്ട വിലാപങ്ങളാണ് ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിനെതിരെ നടക്കുന്നതെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്ററും പ്രമുഖ രാഷ്ടീയ നിരീക്ഷകനുമായ പി എം മനോജ്.

യുണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥി യൂണിയന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ എസ് ആര്‍ ഒ ചാന്ദ്രയാന്‍ പൂര്‍ത്തിയാക്കി അത് കഴിഞ്ഞ് മംഗള്‍യാന്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ ശുക്രനിലേക്ക് ഗവേഷണം വ്യാപിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണിപ്പോള്‍….

നമ്മുടെ നാട്ടിലെ ചിലയാളുകള്‍… ചില ശക്തികള്‍… ചാന്ദ്രയാനും മംഗള്‍യാനും പൂര്‍ത്തിയായിട്ടും യൂണിവേഴ്‌സിറ്റി കോളേജിനെ വിടാന്‍ പോകുന്നില്ലെന്നും മനോജ് പറഞ്ഞു.

ഈ കോളേജിനെ ഇവിടെ നിന്ന് പറിച്ച്‌ മാറ്റുക എന്ന ലക്ഷ്യത്തോടെ… തലസ്ഥാന നഗരത്തിന്റെ ഹൃദയത്തില്‍ ഇങ്ങനെ ഒരു കലാലയം പാടില്ലന്ന നിര്‍ബന്ധബുദ്ധിയോടെ അനേകം ഇടപെടലുകള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.

1984ല്‍ ഈ കലാലയത്തില്‍ ജൂലിയസ്‌ എന്ന വിദ്യാര്‍ഥിക്ക് കെമിസ്ട്രി ബ്ലോക്കിന് മുന്നില്‍ പുറത്ത് നിന്ന് വന്ന ഗുണ്ടകളാല്‍ കാല്‍ പാതം വെട്ടിമാറ്റപ്പെട്ടിരുന്നു.

അദ്ദേഹം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പൊതു ജനാധിപത്യ പ്രവര്‍ത്തനത്തിലും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിലും ഇടപെട്ടു എന്നത് കൊണ്ടും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച കൊടി നക്ഷത്രാങ്കിത ശുഭ്ര പതാകയായിരുന്നു എന്നതു കൊണ്ടുമാത്രമായിരുന്നു ആക്രമണം.

അന്ന് ഈ കോളേജില്‍ നടക്കുന്ന നരമേതത്തെ കുറിച്ച്… കോളേജില്‍ നടക്കുന്ന ആക്രമണങ്ങളെ… കുറിച്ച് ഒരു കവിതയും നാം കേട്ടിരുന്നില്ല. ഒരു സദാചാര പൊലീസിങ്ങിനെതിരായ ശബ്ദവും അന്നുയര്‍ന്നില്ല. കാരണം വെട്ടിമാറ്റപ്പെട്ടത് എസ്എഫ്ഐക്കാരന്റെ കാലായിരുന്നുവല്ലോ.

യൂണിവേഴ്സിറ്റി കോളേജ് തലസ്ഥാന നഗരിയിൽ നിന്ന് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി 1990കളുടെ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടപ്പോഴാണ് അതിനെതിരെ ഇവിടെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയത്. പുറത്ത് നിന്ന് വന്ന അക്രമികൾ ഒരു വിദ്യാര്‍ത്ഥിയുടെ വൃക്ക കുത്തി നശിപ്പിച്ചു. ഹരികുമാര്‍ എന്നാണ് ആ വിദ്യാര്‍ത്ഥിയുടെ പേര്. ഇന്നും വേദന തിന്ന് ജീവിക്കുകയാണ് ഹരികുമാര്‍.

യൂണിവേഴ്സിറ്റി കോളേജില്‍ കയറി ആരെ വെട്ടിയാലും അത് എസ്എഫ്ഐക്കാരനു കൊള്ളും എന്ന തോന്നലിലായിരുന്നു ആക്രമണം.

ഈ കലാലയം, അതിന്റെ മഹത്തായ പാരമ്പര്യം… ആ പാരമ്പര്യത്തോടൊപ്പം ചേര്‍ത്ത് വച്ചതാണ് ഈ കലാലയത്തിലെ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയം. അതുകൊണ്ടാണ് നിങ്ങള്‍ ആക്രമിക്കപ്പെടുന്നത്.

എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നു പെണ്‍കുട്ടികള്‍ വരുന്നത് ചൂട് പറ്റാനാണെന്ന്, ഇങ്ങനെ വിദ്യാര്‍ത്ഥി സമൂഹത്തിനെ നോക്കി അധിക്ഷേപിച്ച അവര്‍ക്കെതിരെ പ്രതികരണം നടത്തിയത് എസ്എഫ്ഐ ആയിരുന്നു എന്നത് കൊണ്ട് അത് ഗുരുനിന്ദ ? ..

അതേസമയം കലാലയങ്ങള്‍ പഠനത്തിനുള്ളതാണ്, വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ഇടപെടലിനുള്ളതാണ് അതിനപ്പുറം സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ് ‘അതിലുപരി ഉള്ളതല്ല’ എന്ന ശരിയായ തോന്നലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഇടപെടലുകള്‍ ആയാല്‍ പോലും അതിനെ സദാചാര പൊലീസിങ്ങായി വ്യാഖ്യാനിക്കുന്ന അനുഭവത്തേയും മനോജ് പരിഹസിച്ചു.

തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലിനെ ഒരിക്കലും താന്‍ ന്യായീകരിക്കുന്നില്ല. പക്ഷേ അവര്‍ക്കെതിരെ വികൃതമായി ചിത്രീകരിച്ച് നടക്കുന്ന പ്രചരണങ്ങള്‍ നാം കാണുന്നതാണ് അവിടെ ആര്‍ക്കും സദാചാരം ഉദിക്കുന്നില്ല. അത് നടത്തുന്നത് എസ്എഫ്ഐയല്ലാ എന്നത് കൊണ്ടുമാത്രമാണത്.

ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത് അവര്‍ക്കെതിരെ നടക്കുന്ന ഇന്റേണല്‍ മാര്‍ക്കുള്‍പ്പെടെ 17 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു.

പ്രിന്‍സിപ്പലിനെ മാറ്റണമെന്ന നിലപാടില്‍ പിന്നീട് വിദ്യാര്‍ത്ഥികള്‍ എത്തിയത് ഇത്തരം അവകാശ നിഷേധങ്ങളുടെ ആകെ പ്രതീകമായി ആ പ്രിന്‍സിപ്പല്‍ നില്‍ക്കുന്നത് കൊണ്ടാണ്. അല്ലാതെ അവരുടെ വസ്ത്രധാരണം കൊണ്ടോ കുക്കറി ഷോ കൊണ്ടോ അതല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ഇടപെടല്‍ കൊണ്ടോ ആയിരുന്നില്ല.

കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലകളും ബഹു ഭൂരിപക്ഷം കാമ്പസുകളും ഭരിക്കുന്ന എസ്എഫ്ഐയെ തകര്‍ക്കാന്‍ വേണ്ടി ചില സങ്കുചിത താല്‍പര്യക്കാര്‍ നടത്തുന്ന മുരള്‍ച്ചയും അലര്‍ച്ചയും ആക്രാന്തം പൂണ്ട വിലാപങ്ങളുമാണ് കഴിഞ്ഞ കുറേ നാളുകളായി യൂണിവേഴ്‌സിറ്റി കോളേജിനെ വാര്‍ത്തകളുടെ കേന്ദ്രമാക്കി നിര്‍ത്തുന്നത്.

ജാഗ്രത പാലിക്കേണ്ട സമയമാണിത്. മാങ്ങയുള്ള മാവിലേ കല്ലെറിയൂ. സംഘടിതമായ നീക്കമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. മനോജ് ചൂണ്ടി കാട്ടി.

1963ല്‍ പോയ സിവില്‍ സര്‍വ്വീസ് ബാച്ചില്‍ മസൂരിയിലേക്ക് ട്രെയിനിങ്ങിന് പോയ ബാച്ചിലെ 30-പേരില്‍ 11 പേര്‍ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മറ്റ് പലരും സ്വാശ്രയ കോളേജുകളില്‍ തലവരിയും ഫീസും കൊടുത്ത് പഠിക്കാന്‍ പോകുമ്പോള്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നേടി വന്നവരാണ് തന്റെ മുന്നിലിരിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികള്‍. എന്തൊക്കെ കുപ്രചരണങ്ങള്‍ ഉണ്ടായാലും യൂണിവേഴ്‌സിറ്റി കോളേജിന്റെ മഹത്വവും തലയെടുപ്പും ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല, മനോജ് പറഞ്ഞു.

Top