ദേശീയപാതയ്‌ക്കെതിരായ സമരം ; പിന്നില്‍ ആരെന്ന് മന്ത്രിമാര്‍ പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: ദേശീയപാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നുള്ളവരെന്ന മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവനക്കെതിരെ മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി രംഗത്ത്. ദേശീയപാതക്കെതിരെ സമരം ചെയ്യുന്നത് നാട്ടുകാരാണോ പുറത്തു നിന്നുള്ളവരാണോ എന്ന് മന്ത്രിമാര്‍ നേരിട്ടെത്തി പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഭൂവുടമയുടെ സമ്മതമില്ലാതെ സ്ഥലത്ത് കടന്നുകയറുന്നത് നിയമവിരുദ്ധമാണ്. അടിച്ചൊതുക്കി ഭൂമി ഏറ്റെടുക്കാം എന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാവില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള നടപടിയല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം നടക്കുന്നു. ദേശീയപാത വിരുദ്ധ സമരത്തെ കുറിച്ച് യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്തെ ദേശീയപാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നുള്ളവരാണെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ ആരോപണം. നഷ്ടം സഹിക്കാതെ ഒരു പദ്ധതിയും ലോകത്ത് യാഥാര്‍ഥ്യമായിട്ടില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കാന്‍ ശ്രമിക്കുമെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ദേശീയപാത യാഥാര്‍ഥ്യമായി കഴിയുമ്പോള്‍ ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ സര്‍ക്കാറിനെ അഭിനന്ദിക്കുക തന്നെ ചെയ്യുമെന്നും ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ പാതകമായി മാറും. ഈ പാതകത്തിന് കൂട്ടുനില്‍കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മാധ്യമങ്ങള്‍ക്കോ കഴിയില്ലെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

Top