‘സി.പി.എമ്മുമായി സഖ്യമുണ്ടാക്കുന്നതിന്റെ വിദൂര സാധ്യത പോലുമില്ല’, കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സി.പി.എം – മുസ്ലീം ലീഗ് സഖ്യ സാധ്യത തള്ളി ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.

സി.പി.എമ്മുമായി സഖ്യമുണ്ടാക്കുന്നതിന്റെ വിദൂര സാധ്യത പോലുമില്ല. ഫാസിസത്തെ നേരിടാന്‍ സി.പി.എമ്മിന് പ്രാപ്തിയില്ല. ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ സി.പി.എം വിള്ളലുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ബി.ഡി.ജെ.എസിനെ യു.ഡി.എഫില്‍ കൊണ്ടുവരുന്നതിനെ തങ്ങള്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര ഉപതിരഞ്ഞെടുപ്പിനിടയിലും ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബി.ഡി.ജെ.എസിന്റെ നിലപാട് മാറ്റം യു.ഡി.എഫിനുളളില്‍ വിശദമായ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വമാണ് മുന്‍കൈയെടുക്കേണ്ടത്.

ഒന്നേകാല്‍ വര്‍ഷത്തിനിടെ മൂന്നാമത്തെ മന്ത്രിയും രാജി വക്കേണ്ട സാഹചര്യമാണ് കേരളത്തില്‍. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്ന് ഉറപ്പുളളതുകൊണ്ടാണ് സര്‍ക്കാരിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പു ഫലമെന്ന് പറയാന്‍ പോലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ധൈര്യം കാട്ടാത്തത്. വേങ്ങരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top