‘ഒരു വടി കിട്ടിയാൽ അടിക്കേണ്ട സംഘടനയല്ല സമസ്ത’: പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സമസ്തയെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി . ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത . വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണിത്. ഈ ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ വെച്ച് പത്താംക്ലാസ് വിദ്യാർത്ഥിനിയെ മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാർ അപമാനിച്ചതാണ് വിവാദമായത്. സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു എം ടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞത്. ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്ന് സംഘാടകരെ മുസ്ല്യാര്‍ ശാസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സമ്മാനചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ ആണെന്നായിരുന്നു സമസ്ത നേതാക്കളുടെ വിചിത്രന്യായം. പെൺകുട്ടിക്കോ കുടുംബത്തിനോ വിഷയത്തിൽ പരാതിയില്ല. സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചിരുന്നു. സമസ്ത പണ്ഡിത സഭയാണെന്നും അതിന്‍റെ ചിട്ടകളുണ്ടെന്നുമാണ് വേദിയിൽ പെൺകുട്ടിയെ തടഞ്ഞ എം ടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞത്. സ്ത്രീകളെ വേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ലിയാർ പറഞ്ഞു.

Top