പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് കാര്യമില്ലന്ന് പി.കെ കൃഷ്ണദാസ് !

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക എന്നത്, എല്ലാറ്റിനും ഉള്ള പോംവഴി ആണെന്ന് കരുതുന്നില്ലന്ന് ബി.ജെ.പി. പാർട്ടി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസാണ് ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. “നിരോധനം ഒരു മാർഗമാണ്… പക്ഷേ, നിരോധനത്തിലൂടെ എല്ലാം ഇല്ലാതാക്കി കളയാൻ കഴിയുകയില്ല” എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. പോപ്പുലർ ഫ്രണ്ടിനെതിരെ, കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് എടുക്കേണ്ട നടപടികൾ എടുക്കുന്നുണ്ട്. പക്ഷേ… കേരളത്തിലെ ഗവൺമെന്റ് എടുക്കേണ്ട ഒരു നടപടിയും അവർ എടുക്കുന്നില്ലന്നും, കൃഷ്ണദാസ് കുറ്റപ്പെടുത്തി. എക്സ് പ്രസ്സ് കേരളയ്ക്ക് അനുവദിച്ച പ്രതികരണത്തിന്റെ പൂർണ്ണരൂപം ചുവടെ :-

തൃക്കാക്കരയിൽ ബി.ജെ.പിയുടെ പ്രതീക്ഷ എന്താണ് ?

ഞങ്ങൾക്ക് ഇപ്പോൾ വിജയ പ്രതീക്ഷയാണ് ഉള്ളത് . തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഞങ്ങളുടെ പ്രതീക്ഷ വർധിച്ചുകൊണ്ടിരിക്കുകയാണ് . അതായത് തെരഞ്ഞെടുപ്പ് അടുക്കുംതോറും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും യഥാർത്ഥ ചിത്രം ജനങ്ങൾക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് . എൽഡിഎഫും യുഡിഎഫും നഗ്നരാണ് . അവർക്ക് ഇനി ഒന്നും മറച്ചു വെക്കാനില്ല. ജനങ്ങൾ എപ്പോൾ എന്താണ് യഥാർത്ഥ എൽഡിഎഫ് , യുഡിഎഫ് എന്നത് കണ്ടുകൊണ്ടിരിക്കുകയാണ് . അതുകൊണ്ടുതന്നെ തൃക്കാക്കരയിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ട് . കേരളത്തിലെ മൊത്തം ജനങ്ങൾ ചിന്തിക്കുന്നതിന് അനുസ്‌തൃതമായിട്ടാണ് തൃക്കാക്കരയിലെ ജനങ്ങളും ചിന്തിക്കുന്നത്. കഴിഞ്ഞ തദ്ദേശ ഉപ തെരഞ്ഞെടുപ്പിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കി. കൊച്ചി കേർപ്പറേഷനിലും അതുപോലെതന്നെ തൃപ്പൂണിത്തറയിൽ രണ്ട് ഡിവിഷനുകളും ബി.ജെ.പി പിടിച്ചെടുത്തു . ഇതൊക്കെ തെളിയിക്കുന്നത് ജനങ്ങളുടെ ഇപ്പോഴത്തെ ചിന്ത എങ്ങനെയാണെന്നതാണ്. അതാകട്ടെ എൻഡിഎക്ക് അനുകൂലവുമാണ് . അതുകൊണ്ട് തന്നെ എൻഡിഎയ്ക്ക് നല്ല വിജയ പ്രതീക്ഷയാണ് ഉള്ളത് . ഞങ്ങളുടെ സ്ഥാനാർഥി ജനങ്ങൾക്ക് സ്വീകര്യനാണ് . ഈ നിയോജക മണ്ഡലത്തിലെ മണ്ണിന്റെ മണം ഉൾക്കൊള്ളുന്ന സ്ഥാനാർത്ഥിയാണ് . ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സ്ഥാനാർത്ഥിയാണ്. എൽഡിഎഫിനും യുഡിഎഫിനും സ്വന്തം പാർട്ടിയിലുള്ള സാമൂഹ്യ പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കി നിർത്താൻ സാധിച്ചിട്ടില്ല . അതുകൊണ്ട് ഈ എല്ലാ ഘടകങ്ങളും ഒത്തുചേരുമ്പോൾ എൻഡിഎയ്ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത് .

പിസി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

തീർച്ചയായും എൽഡിഎഫ് സർക്കാരിന്റെ ഇരട്ട നീതിയാണ് ഇതിൽ കാണുന്നത് . മാത്രമല്ല തൃക്കാക്കരയിലെ ഏതാണ്ട് 21,000 മുസ്ലിം വോട്ട് മുന്നിൽ കണ്ടുകൊണ്ടാണ് പി സി ജോർജിനെ അറസ്റ്റിലാക്കാനും ജയിലിലടയ്ക്കാനും മുഖ്യമന്ത്രി മുന്കയ്യെടുത്ത കൊണ്ട് തയ്യാറായിരിക്കുന്നത്. മതതീവ്രവാദ സംഘടനകളെ പ്രീതിപ്പെടുത്തിയായാലും ആ വിഭാഗത്തിന്റെ വോട്ടുകൾ മൊത്തം എൽഡിഎഫിന് കൗശലപൂർവ്വം കരസ്ഥമാക്കാനുള്ള ശ്രമമാണിത്.

ഒരു കാര്യം ഉറപ്പാണ് ഹൈന്ദവ -ക്രൈസ്തവ സമൂഹത്തിന് എതിരായിട്ട് കൊലവിളി ഉയർത്തിയിട്ടുള്ളവർക്കെതിരെ യാതൊരു നടപടിയും സർക്കാർ എടുത്തിട്ടില്ല . പോപ്പുലർ ഫ്രണ്ടിന്റെ ആലപ്പുഴയിലെ സമ്മേളനത്തിൽ ഹൈന്ദവ സമൂഹത്തോടും ക്രൈസ്തവ സമൂഹത്തോടും നിങ്ങളെ കൂട്ടക്കൊല ചെയ്യാൻ കാലം വരുന്നുണ്ടെന്ന് പരസ്യ പ്രസ്താവന നടത്തിയ തീവ്രവാദ സംഘടനകൾക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ സാധിക്കാത്ത പിണറായി വിജയൻ, ഏതാണ്ട് 4 പതിറ്റാണ്ട് കാലം പൊതുപ്രവർത്തനം നടത്തി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും, ജീവിക്കുകയും ചെയ്ത പി സി ജോർജ്നെ അറസ്റ്റ് ചെയ്തിട്ട് വലിയ വീരസ്യം പുലമ്പുകയാണ് ചെയ്യുന്നത്.

സംഘപരിവാർ സംഘടനകളെ ഭയപ്പെടുത്തുന്ന രൂപത്തിൽ പോപ്പുലർ ഫ്രണ്ട് വളർന്നിട്ടുണ്ടോ ?

ഈ മത ഭീകരവാദികളെയും അതുപോലെ തീവ്രവാദികളെയും ദേശ വിരുദ്ധരെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും നിലപാട് ഹൈന്ദവ – ക്രൈസ്തവ സമൂഹം മാത്രമല്ല, സമാധാന പ്രേമികളായ മുസ്ലിം സമൂഹവും അംഗീകരിക്കില്ല.ഈ നടപടിക്കെതിരെ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണന് അനുകൂലമായി വിധിയെഴുതും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പോപ്പുലർ ഫ്രണ്ട് സംഘപരിവാർ സംഘടനകളെ മാത്രമല്ല ഭയപ്പെടുത്തുന്നത്, നമ്മുടെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഭയപ്പെടുത്തുന്ന രീതിയിലാണ്, ആഗോള മത തീവ്രവാദ സംഘടനയുടെ ഇന്ത്യൻ പതിപ്പോ കേരള പതിപ്പോ ആയിട്ടുള്ള പോപ്പുലർഫ്രണ്ടും എസ്.ഡി.പി.ഐയും പ്രവർത്തിക്കുന്നത്. ആഗോള തീവ്രവാദ സംഘടനകൾ സകല മനുഷ്യർക്കും എതിരാണ്. ഇപ്പോൾ ഇവിടെ ഹൈന്ദവരുടെയും ക്രൈസ്തവരുടെയും ‘കാലൻ’ ആയിട്ട് ഞങ്ങൾ വരുന്നുണ്ട് എന്നാണ് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും പോപ്പുലർ ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഹൈന്ദവരുടെയും ക്രൈസ്തവരുടെയും മാത്രം ‘കാലനല്ല’ സകല മനുഷ്യരുടെയും കാലൻ ആണ്. അതാണ് ആഗോള ഭീകരവാദം നമ്മളെ പഠിപ്പിക്കുന്നത്. അതുകൊണ്ട് മുഴുവൻ ജനങ്ങൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്, അരക്ഷിതാവസ്ഥയുമുണ്ട്. ഈ അവസ്ഥ കേരളത്തിൽ സൃഷ്ടിച്ചതിൽ ഒന്ന് എൽഡിഎഫ് ആണ് അതുപോലെതന്നെ മറ്റൊന്ന് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ആണെന്ന കാര്യത്തിലും സംശയമില്ല. അതുകൊണ്ട് ഈ രണ്ടു മുന്നണികൾക്കും എതിരായിട്ടുള്ള വിധിയെഴുത്ത് ആയിരിക്കും തൃക്കാക്കരയിൽ സംഭവിക്കാൻ പോകുന്നത്.

പോപ്പുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നത് ?

ജാതിമതഭേദമന്യേ സർവ്വ ജനങ്ങളെയും ഒത്തൊരുമിപ്പിച്ച് അവരുടെ സഹായത്തോടും സഹകരണത്തോടുകൂടി ഈ ഭീകരവാദ സംഘടനയ്ക്കെതിരെ പോരാടാനാണ് ബിജെപിയും എൻഡിഎ യും ആഗ്രഹിക്കുന്നത്.

നാടിന് ആപത്താണെങ്കിൽ, എന്തു കൊണ്ടാണ് മോദി സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാത്തത് ?

നിരോധനം എല്ലാത്തിനും ഉള്ള പോംവഴി ആണെന്ന് ഞങ്ങൾ കരുതുന്നില്ല. നിരോധനം ഒരു മാർഗമാണ് പക്ഷേ നിരോധനത്തിലൂടെ എല്ലാം ഇല്ലാതാക്കി കളയാൻ കഴിയുകയില്ല. മറിച്ച് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് എടുക്കേണ്ട നടപടികൾ ഒക്കെ എടുക്കുന്നുമുണ്ട്. അതേസമയം കേരളത്തിലെ ഗവൺമെന്റ് എടുക്കേണ്ട ഒരു നടപടിയും അവർ എടുക്കുന്നില്ലന്ന് മാത്രമല്ല, അവർ തീവ്രവാദികൾക്ക് ഒപ്പം ആണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

ട്വന്റി- ട്വന്റി – ആം ആദ്മി പാർട്ടി സഖ്യത്തിന്റെ നാലാം മുന്നണി ഭാവിയിൽ ബി.ജെ.പിക്ക് വെല്ലുവിളിയാകുമോ ?

ബിജെപിക്ക് യാതൊരു തരത്തിലുള്ള വെല്ലുവിളിയും ഉയർത്തുമെന്ന വിചാരം ഞങ്ങൾക്കില്ല. ഞങ്ങളെ സംബന്ധിച്ച് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ബിജെപിയെ സ്വീകരിക്കുകയാണ്. ഏതാണ്ട് 18 സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ എൻഡിഎ മുഖ്യ പ്രതിപക്ഷമാണ്. അപ്പോൾ സ്വാഭാവികമായും കേരളത്തിലെ ജനങ്ങളും എൻഡിഎയെ സ്വീകരിക്കേണ്ടതായി വരും. ആ ഒരു രാഷ്ട്രീയമാണ് തൃക്കാക്കരയിലൂടെ കേരളത്തിൽ ഉരുത്തിരിഞ്ഞു വരാൻ പോകുന്നത്.

പ്രതികരണം തയ്യാറാക്കിയത് ശിഹാബ് മൂസ

 

Top