‘മുസ്ലീംലീഗ് വടവൃക്ഷം, കൊമ്പില്‍ കയറി കസര്‍ത്തുകളിക്കാന്‍ ചിലരുടെ ശ്രമം’, ഷാജിക്കെതിരെ ഫിറോസ്

മലപ്പുറം: കെ എം ഷാജിക്ക് പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗ് ഒരു വടവൃക്ഷമാണെന്നും യൂത്ത് ലീഗ് ആ വടവൃക്ഷത്തിൻറെ തണലിൽ ഉറച്ച് നിൽക്കുമെന്നും പി കെ ഫിറോസ് പറഞ്ഞു. വടവൃക്ഷത്തിൻറെ കൊമ്പിൽ കയറി കസർത്ത് കളിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാൽ കൊമ്പിൽ നിന്ന് താഴെ വീണാൽ പരിക്കേൽക്കുന്നത് വീഴുന്നവർക്കാവുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി. മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലെ വിമർശനത്തിൽ കെഎം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിൻറെ മറുപടി. പാർട്ടിക്കുള്ളിലെ വിമർശനം കേട്ട് താൻ പാർട്ടി വിട്ട് ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആരും കരുതേണ്ടെന്നെന്നായിരുന്നു കെ എം ഷാജി മസ്കറ്റിൽ കെഎംസിസി വേദിയിൽ പറഞ്ഞത്.

മുസ്ലീം ലീഗിൽ കെ എം ഷാജിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം കടുപ്പിച്ചിരിക്കുകയാണ്. ഷാജിയുടെ പരാമർശങ്ങൾ പലതും നേതാക്കളെ പ്രതിരോധത്തിൽ ആക്കുകയാണെന്ന് പ്രവർത്തകസമിതിയിൽ വിമർശനം ഉയർന്നിരുന്നു. എൽ‍ ഡി എഫ് സർക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമർശനങ്ങളാണ് കഴിഞ്ഞ പ്രവർത്തക സമിതിയിൽ കെ എം ഷാജിയും കെ എസ് ഹംസയും നടത്തിയത്. അതിൻറെ മറുപടിയാണ് പ്രവർത്തകസമിതിയിൽ കെ എം ഷാജിക്കെതിരായ നീക്കം എന്നാണ് വിലയിരുത്തൽ. അതേസമയം തനിക്കെതിരായ ലീഗിലെ നീക്കത്തിൽ തുറന്നടിച്ച് കെ എം ഷാജി ഇന്ന് രംഗത്തെത്തിയിരുന്നു.

Top