P.K Abdhu Rubb – Medical Entrance Exam

തിരുവനന്തപുരം: ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്. ഇനി തീരുമാനം പറയേണ്ടത് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡാണ്. പരീക്ഷാനടത്തിപ്പ് മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും അബ്ദുറബ് പറഞ്ഞു.

അതേസമയം, മെഡിക്കല്‍ കോഴ്‌സുകളിലേക്ക് ഏകീകൃത പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രീംകോടതി വിധിയില്‍ പകച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. വീണ്ടും പരീക്ഷ എഴുതുന്ന കാര്യം ചിന്തിക്കാന്‍പോലും കഴിയില്ലെന്നും ഇവര്‍ പറയുന്നു. മറ്റ് കോഴ്‌സിന് പോകാതെ രണ്ടും മൂന്നു വര്‍ഷമായിഎന്‍ട്രന്‍സ് മാത്രം ലക്ഷ്യമിട്ട് പഠിക്കുന്നവരുടെ ഭാവിയാണ് കൂടുതല്‍ പ്രതിസന്ധിയിലായത്.

രാജ്യത്തെ എല്ലാ മെഡിക്കല്‍, ഡന്റല്‍ കോളജുകളിലേക്കും എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനും ദേശീയ പൊതുപരീക്ഷ ഈ വര്‍ഷം തന്നെ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ, കേരളം അടക്കം പല സംസ്ഥാനങ്ങളിലും ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലായി.

ബിരുദ കോഴ്‌സുകള്‍ക്കു 2016-17 അധ്യയന വര്‍ഷത്തേക്കുള്ള പൊതു പ്രവേശന പരീക്ഷ രണ്ടു ഘട്ടമായി നടത്താനാണു സുപ്രീം കോടതി ഉത്തരവിട്ടത്. മേയ് ഒന്നിനും ജൂലൈ 24നും പരീക്ഷ നടക്കും; സംയുക്ത ഫലം ഓഗസ്റ്റ് 17നു പ്രസിദ്ധീകരിക്കും. ജഡ്ജിമാരായ അനില്‍ ആര്‍.ദവെ, ശിവ കീര്‍ത്തി സിങ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുടെ ബെഞ്ച്, ഏതാനും സംസ്ഥാനങ്ങള്‍ ഉന്നയിച്ച എതിര്‍പ്പു തള്ളിക്കളയുകയും ചെയ്തിരുന്നു.

Top