P Jayarajan’s facebook post

കണ്ണൂര്‍: തന്നെ വിവാഹത്തിന് ക്ഷണിച്ചതിന്റെ പേരില്‍ കൂത്തുപറമ്പ് സ്വദേശിയുടെ വിവാഹം ആര്‍എസ്എസുകാര്‍ ബഹിഷ്‌കരിച്ചെന്ന് പി. ജയരാജന്‍.

വിവാഹചടങ്ങുകളില്‍ പോലും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ക്ഷണിക്കാന്‍ പാടില്ലെന്നാണ് ആര്‍എസ്എസ് നയമെന്നും ഇതിനെയാണ് സംസ്‌കാരമുള്ള മനുഷ്യര്‍ അപലപിക്കേണ്ടതെന്നും പി.ജയരാജന്‍ പറഞ്ഞു.

ജനാധിപത്യത്തിനു നിരക്കാത്ത ഇത്തരം പ്രവര്‍ത്തന രീതി അവസാനിപ്പിച്ചാല്‍ മാത്രമേ നാട്ടില്‍ സഹിഷ്ണുതയുടെ രീതികള്‍ പുലരുകയുള്ളൂയെന്നും അതാണ് ജനാധിപത്യവ്യവസ്ഥയ്ക്ക് ആവശ്യമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ആഗസ്ത് 28 നു രാവിലെ കൂത്തുപറമ്പ് മുന്‍സിപ്പല്‍ അതിര്‍ത്തിയിലെ തൊക്കിലങ്ങാടി പാലായില്‍ സിപിഐഎം ജാഥാ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഞാന്‍. ചടങ്ങ് നടക്കുന്നതിനു മുന്‍പേ ഒരാള്‍ എന്നെ സമീപിച്ചു. മകന്റെ കല്യാണ ചടങ്ങിന്റെ ക്ഷണക്കത്തുമായി വന്നതായിരുന്നു അദ്ദേഹം. കല്ല്യാണം ക്ഷണിച്ചു. ജാഥാ ഉദ്ഘാടനം കഴിഞ്ഞു ഞാന്‍ തിരിച്ചു പോരുകയും ചെയ്തു.

ദിവസങ്ങള്‍ക്ക് ശേഷമാണ് ഒരു വിവരമറിയുന്നത്. ഞാനുള്‍പ്പടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മകന്റെ വിവാഹത്തിന് ക്ഷണിച്ചതിന്റെ പേരില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാലായിലെ ആര്‍എസ്എസുമായി ബന്ധപ്പെട്ടവരെ അവരുടെ നേതൃത്വം വിലക്കിയെന്ന്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ആര്‍എസ്എസ് അതിന്റെ അണികളെ പഠിപ്പിക്കുന്ന രീതിയാണ് ഇവിടെ കാണാന്‍കഴിഞ്ഞത്.

വിവാഹചടങ്ങുകളില്‍ പോലും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ക്ഷണിക്കാന്‍ പാടില്ലെന്നാണ് ആര്‍എസ്എസ് സിലബസിലെ പാഠ്യഭാഗം. ഇതിനെയാണ് സംസ്‌കാരമുള്ള മനുഷ്യര്‍ അപലപിക്കേണ്ടത്. ഇത്തരം അസഹിഷ്ണുതയാണ് നാട്ടിന്‍പുറങ്ങളില്‍ തുടങ്ങി രാജ്യത്താകെ സംഘപരിവാരം പിന്തുടരുന്നത്. ജനാധിപത്യത്തിനു നിരക്കാത്ത ഇത്തരം പ്രവര്‍ത്തന രീതി അവസാനിപ്പിച്ചാല്‍ മാത്രമേ നമ്മുടെ നാട്ടില്‍ സഹിഷ്ണുതയുടെ രീതികള്‍ പുലരുകയുള്ളൂ.അതാണ് ജനാധിപത്യവ്യവസ്ഥയ്ക്ക് ആവശ്യവും.’ ജയരാജന്‍ പറയുന്നു.

Top