ശത്രുക്കൾ തീർത്ത പത്മവ്യൂഹത്തിലേക്ക് പൊരുതാൻ ഉറച്ച് ജയരാജൻ, പൊടിപാറും

പോരാളികളുടെ മണ്ണാണ് കടത്തനാടന്‍ മണ്ണ് കേരളത്തിന്റെ ചരിത്രത്തില്‍ ചോരകൊണ്ട് അടയാളപ്പെടുത്തിയ ഒട്ടനവധി പോരാട്ടങ്ങള്‍ നടന്ന ഈ മണ്ണിലാണ് ശരിക്കും രൂക്ഷമായ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കാന്‍ പോകുന്നത്.രാജ്യത്തെ തന്നെ സി.പി.എമ്മിന്റെ ചുവപ്പ് കോട്ടയായ കണ്ണൂരിലെ സാരഥി പി.ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുക വഴി ജയിക്കുക എന്നതിനപ്പുറം എതിരാളികള്‍ക്കൊരു മറുപടി കൂടി സി.പി.എം ലക്ഷ്യമിടുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ എത്രത്തോളം ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം പ്രകോപിപ്പിച്ചു എന്നതിന്റെ ഉദാഹരണമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍.സി.പി.എം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തെ ‘വടിവാള്‍ ചുറ്റിക നക്ഷത്രമാക്കി’ ചിത്രീകരിച്ച് ഇപ്പോഴേ ജയരാജനെതിരെ ഒരു വിഭാഗം പ്രചരണം തുടങ്ങി കഴിഞ്ഞു.

ഒരു സീറ്റിലും ബി.ജെ.പി ജയിച്ചില്ലെങ്കില്‍ പോലും വടകരയില്‍ ജയരാജന്റെ പരാജയം ഉറപ്പുവരുത്തണമെന്നതാണ് സംഘപരിവാറിന്റെ പ്രധാന ലക്ഷ്യം. വടകരയില്‍ പ്രതിപക്ഷ വോട്ട് ഭിന്നിച്ച് ജയരാജന്‍ വിജയിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന നിലപാടാണ് ആര്‍.എസ്.എസിന് ഉള്ളത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ബി.ജെ.പി ഏത് സ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്തിയിലും ഇവിടെ അടിയൊഴുക്കുകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരെ കണ്ണൂരില്‍ ഉന്മൂലനം ചെയ്യുമെന്ന് ശപഥം ചെയ്ത വ്യക്തിയാണ് ജയരാജനെന്നാണ് ആര്‍.എസ്.എസ് ആരോപണം. ഈ പക തന്നെ ആയിരുന്നു ഒരു തിരുവോണനാളില്‍ ജയരാജനെ വധിക്കാന്‍ ആര്‍.എസ്.എസ് സംഘത്തെ പ്രേരിപ്പിച്ചിരുന്നത്.അസാമാന്യമായ ചെറുത്ത് നില്‍പ്പ് നടത്തിയാണ് ജയരാജന്‍ ഈ ആക്രമണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ശരീരം മുഴുവന്‍ വെട്ടി നുറുക്കിയ പാടുകളും ചിതറി തെറിച്ച കയ്യും ഇപ്പാഴും ആ വധശ്രമത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്. കാലന്‍ പോലും വഴിമാറിപ്പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട മനോധൈര്യമാണ് ജയരാജന്റെ ശക്തി.

രാഷ്ട്രീയ എതിരാളികളോട് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കമ്യൂണിസ്റ്റാണ് ജയരാജന്‍. ആക്രമണത്തെ സമാധാനം കൊണ്ട് നേരിടുക എന്നത് അദ്ദേഹത്തിന്റെ മാര്‍ഗ്ഗമല്ല. പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം അവരില്‍ ഒരാളായി നിലപാട് സ്വീകരിക്കുന്നതാണ് ജയരാജനെ എതിരാളികളുടെ കണ്ണിലെ കരടാക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് എന്നോ, മുസ്ലീം ലീഗെന്നോ ,കോണ്‍ഗ്രസ്സന്നോ വ്യത്യാസമില്ല. എല്ലാവര്‍ക്കും ഒറ്റ നേതാവിനോടെ കുടിപ്പകയൊള്ളൂ അത് പി.ജയരാജനോടാണ്. ഈ നേതാവിനെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകസഭയില്‍ ആ നാവ് പൊങ്ങുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയുന്നതല്ല. അതു കൊണ്ട് തന്നെയാണ് പൊതുശത്രുവിനെതിരെ രാഷ്ട്രീയ വൈര്യം മറന്ന് ഒന്നിക്കാന്‍ വടകരയില്‍ ഇപ്പോഴെ ശ്രമം തുടങ്ങിയിരിക്കുന്നത്.

എതിരാളികള്‍ വില്ലനായി ചിത്രീകരിക്കുമ്പോഴും അധികം ആരും അറിയാത്ത മറ്റൊരു മുഖമുണ്ട് ജയരാജന്. അത് പൊതുധാരണകള്‍ക്കും പ്രതിച്ഛായകള്‍ക്കും അപ്പുറമാണ്. ഒരു എ.ടി.എം കാര്‍ഡ് പോലുമില്ലാത്ത നേതാവാണ് ഇദ്ദേഹം. ഒരു സാമ്പത്തിക ആരോപണവും കടുത്ത ശത്രുക്കള്‍ക്ക് പോലും ഇന്നുവരെ ഉന്നയിക്കാന്‍ പറ്റിയിട്ടില്ല. 2012 ല്‍ ജയരാജന്‍ മുന്‍കൈ എടുത്ത് കൊണ്ടുവന്ന ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഇന്ന് വലിയ ഒരു പ്രസ്ഥാനമായി മാറി കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് സ്വാന്തന പരിചരണ രംഗത്ത് ഏറെ ആശ്രയമാണ് ഈ സ്ഥാപനം.

കണ്ണൂരിലെ സഖാക്കളായാലും നാട്ടുകാരായാലും അവര്‍ക്ക് ഒരാവശ്യം വന്നാല്‍ ഒരു കൈയ്യകലത്തുള്ള നേതാവാണ് ജയരാജന്‍. ഏത് പാതിരാത്രിയിലും ഇവര്‍ക്കൊപ്പം പോകാന്‍ ജയരാജന്‍ റെഡിയാണ്. ഈ നിലപാട് തന്നെയാണ് കണ്ണൂരിലെ സഖാക്കള്‍ക്കിടയില്‍ ജയരാജനെ പ്രിയങ്കരനാക്കുന്നത്. ഇപ്പോള്‍ അരിയില്‍ ഷുക്കൂര്‍ വധകേസിലും കതിരൂര്‍ മനോജ് വധക്കേസിലും പ്രതിസ്ഥാനത്താണെങ്കിലും അതൊന്നും പരിഗണിക്കാതെ ജയരാജനെ വടകരയില്‍ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചത് തന്നെ ജയരാജനിലുള്ള വിശ്വാസം കൊണ്ടാണ്. ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ സി.ബി.ഐ നടപടി കോടതി തള്ളിയതും പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയരാജനെതിരെ ഇപ്പോഴും ആരോപണമുന്നയിക്കുന്ന ആര്‍.എം.പി യുടെ മടയില്‍ തന്നെ ജയരാജനെ പോരാട്ടത്തിന് സിപിഎം നിയോഗിച്ചതും മറുപടി അവിടെ തന്നെ നല്‍കുന്നതിനാണ്.

50,000 വോട്ടുകള്‍ വടകര മണ്ഡലത്തില്‍ ആര്‍.എം.പിക്ക് ഉണ്ടെന്നാണ് ആ പാര്‍ട്ടി അവകാശപ്പെടുന്നത്. ശത്രുവായ ജയരാജന്‍ തന്നെ സ്ഥാനാര്‍ത്ഥിയായ സ്ഥിതിക്ക് ഇനി ആര്‍.എം.പിയുടെ ലക്ഷ്യവും ആര്‍.എസ്.എസിനെ പോലെ ജയരാജനെ പരാജയപ്പെടുത്തുക എന്നത് മാത്രമായിരിക്കും.2009-ല്‍ അന്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ 2014-ലെ തിരഞ്ഞെടുപ്പില്‍ 3,306 വോട്ടിന് മാത്രമാണ് വിജയിച്ചത്. ഭൂരിപക്ഷത്തിലെ ഈ ഇടിവിലാണ് സി.പി.എം പ്രതീക്ഷ. ടി.പി.ചന്ദ്രശേഖരന്‍ വധത്തോടെ നഷ്ടപ്പെട്ട ശക്തികേന്ദ്രത്തില്‍ വീണ്ടും ചെങ്കൊടി പാറിക്കുക എന്ന വലിയ ദൗത്യമാണ് ജയരാജന് ഇപ്പോള്‍ പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം നിയമസഭ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് ,തലശ്ശേരി നിയമസഭ മണ്ഡലങ്ങളും ചേര്‍ന്നതാണ് വടകര ലോകസഭ മണ്ഡലം. കടത്തനാടന്‍ പോര്‍ കളരിയില്‍ സകല ആയുധങ്ങളും രാകി മൂര്‍ച്ച കൂട്ടിയാണ് ഇവിടെ ഇടത് – വലതു മുന്നണികളും ആര്‍.എം.പിയും ബി.ജെ.പിയുമെല്ലാം അങ്കത്തട്ടില്‍ ഇറങ്ങുന്നത്. വടകരയില്‍ വിജയം ആര്‍ക്കായാലും അത് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരു സംഭവം തന്നെയായിരിക്കും.

Top