ശ്രീ എം അറിയപ്പെടുന്ന ആത്മീയാചാര്യനെന്ന് പി ജയരാജന്‍

കണ്ണൂര്‍: ശ്രീ എം അറിയപ്പെടുന്ന ആത്മീയാചാര്യന്‍ ആണെന്ന് പി ജയരാജന്‍. ശ്രീ എം മുന്‍കൈയെടുത്തത് രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാനാണ്. ഇതിനെ സിപിഎം ആര്‍എസ്എസ് ബന്ധമായി കല്‍പ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും ജയരാജന്‍ പറഞ്ഞു.

2019 ല്‍ കണ്ണൂരില്‍ ശ്രീ എം പദയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളും സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു. തലശ്ശേരിയിലും പയ്യന്നൂരിലും സമാധാന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. നാടിന്റെ സമാധാനം നിലനിര്‍ത്താനാണ് യോഗം ചേര്‍ന്നത്. കോണ്‍ഗ്രസും ആര്‍എസ്എസുമാണ് സഖ്യം ഉണ്ടാക്കിയത്. നാടിന്റെ സമാധാനത്തിനായി ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ച വേറെ രീതിയില്‍ ചിത്രീകരിക്കുന്നത് യുഡിഎഫ് ആര്‍ എസ് എസ് ബാന്ധവം മറച്ചു വയ്ക്കാനാണ്. എം വി ഗോവിന്ദന്റെ പ്രസ്താവന എന്തുകൊണ്ടെന്ന് അറിയില്ല. ചര്‍ച്ച നടന്നില്ല എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞത് ഏത് സാഹചര്യത്തിലെന്ന് തനിക്കറിയില്ല.

ചര്‍ച്ചയില്‍ താന്‍ പങ്കെടുത്തത് കൊണ്ടാണ് വ്യക്തമായി പറയുന്നത്. ആര്‍ എസ് എസ് പറഞ്ഞിട്ടാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഒരു നേതാവ് കാരണമല്ല ജില്ലയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത്. ശ്രീ എമ്മിന് തിരുവനന്തപുരത്ത് ഭൂമി നല്‍കിയ കാര്യം ഗവണ്‍മെന്റ് വക്താക്കള്‍ വിശദീകരിക്കട്ടെ. ചര്‍ച്ച നടത്തിയത് കൊണ്ട് സ്വിച്ചമര്‍ത്തി ലൈറ്റ് ഓഫാക്കും പോലെ നിര്‍ത്താന്‍ കഴിയുന്നതല്ല സംഘര്‍ഷം.

ആര്‍ എസ് എസ് പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗീയ തീവ്രവാദ ആശയങ്ങള്‍ക്കെതിരായി ജനങ്ങളാണ് ചെറുത്തു നില്‍പ്പ് നടത്തുന്നത്. സ്വാഭാവികമായും അത് സംഘര്‍ഷത്തിലേക്ക് വഴിമാറിപ്പോകും. അങ്ങനെ വഴി മാറിപ്പോകുന്നത് അവസാനിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ഇടപെടലാണ് ഉണ്ടായത്.അതിന് ഫലവും ഉണ്ടായിട്ടുണ്ട്. സമാധാന ചര്‍ച്ചയെക്കുറിച്ച് സി പി എമ്മിന് ഒന്നും മറച്ച് വയ്ക്കാനില്ല. കോണ്‍ഗ്രസിന്റെ വാലാവുകയാണ് ജമാഅത്തെ ഇസ്ലാമിയും കേരളത്തിലെ മുസ്ലീം മതമൗലികവാദികളും. അവര്‍ക്ക് ബിജെപിയെക്കാളും എതിര്‍പ്പ് സി പി എമ്മിനോടാണ്. ആര്‍ എസ് എസ്സിനോട് കോണ്‍ഗ്രസിന് മൃദുസമീപനം എന്നും പി ജയരാജന്‍ പറഞ്ഞു.

 

Top