സുധാകരന്റെ കണ്ണൂര്‍ ശൈലി സമാധാനം തകര്‍ക്കുന്നതെന്ന് പി ജയരാജന്‍

തിരുവനന്തപുരം: ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍.

സുധാകരന്റെ കണ്ണൂര്‍ ശൈലി സമാധാനം തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിദ്യാര്‍ഥികളല്ല കൊലപാതകം നടത്തിയത് എന്ന കാര്യം ഞെട്ടിക്കുന്നതാണെന്നും പരാജയം മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അക്രമം നടത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കയ്യിലകപ്പെട്ടു.

കോണ്‍ഗ്രസ് ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും സുധാകരന്റെ അക്രമ ശൈലി കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Top