മാർ പാംപ്ലാനിയുടെ രക്തസാക്ഷികളെ അപമാനിക്കുന്ന പരാമർശം അങ്ങേയറ്റം ഖേദകരമെന്ന് പി.ജയരാജൻ

കണ്ണൂർ : രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന പരാമർശം നടത്തിയ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച് സിപിഎം. രക്തസാക്ഷികളെ ഒന്നടങ്കം കലഹിച്ചവരാണ് എന്ന കുറ്റപ്പെടുത്തൽ മാർ പാംപ്ലാനിയെപ്പോലെ ഒരാളിൽനിന്ന് തീരെ പ്രതീക്ഷിക്കാത്തതാണെന്ന് സിപിഎം നേതാവ് പി.ജയരാജൻ പ്രതികരിച്ചു. മാർ പാംപ്ലാനി ഇത്തരം വിവാദ പ്രസ്താവനകൾ നടത്തുന്നത് ഇതാദ്യമല്ല. മുൻപ് റബർ വിലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ക്രിസ്ത്യൻ മതവിശ്വാസികൾ തള്ളിക്കളഞ്ഞതാണ്. ബിഷപ്പിന്റെ ഈ പ്രസ്താവനയും അവർ തള്ളിക്കളയും എന്നാണ് വിശ്വാസമെന്നും ജയരാജൻ പറഞ്ഞു.

‘‘രക്തസാക്ഷികൾ ഒന്നടങ്കം കലഹിച്ചവരാണ് എന്നു കുറ്റപ്പെടുത്തിയത് സ്വാഭാവികമായും അദ്ദേഹത്തെപ്പോലെയുള്ള പരിണിതപ്രജ്ഞനായ പിതാവിൽനിന്ന് പ്രതീക്ഷിക്കാൻ കഴിയാത്തതാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രക്തസാക്ഷിയാണല്ലോ മഹാത്മാ ഗാന്ധി. 1948 ജനുവരി 30ന് ഡൽഹിയിലെ ബിർലാ മന്ദിറിൽ പ്രാർഥനയ്ക്കായി നടന്നുപോകുന്ന അവസരത്തിലാണ് ഗോഡ്സെ ഉൾപ്പെടെയുള്ള മതഭ്രാന്തൻമാരായ ആളുകൾ മൃഗീയമായി അദ്ദേഹത്തെ വെടിവച്ചു കൊന്നത്.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം രാജ്യം ഔദ്യോഗികമായി ആചരിക്കുന്ന ദിനം കൂടിയാണ്. മഹാത്മാ ഗാന്ധി ആരുമായിട്ടാണ് കലഹിക്കാൻ പോയത്? ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം അന്നത്തെ പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മുന്നിൽ നിന്ന് കൊലപ്പെടുത്തിയവർ മാത്രമല്ല, പിന്നിൽനിന്ന് പ്രവർത്തിച്ചവരും വിചാരണ ചെയ്യപ്പെടണം എന്ന നിർദേശം വന്നു. അങ്ങനെ നിയമവിരുദ്ധമാക്കപ്പെട്ട ഒരു സംഘടനയാണ് നരേന്ദ്ര മോദിയുടെ ആത്മീയാചാര്യൻമാരായിട്ടുള്ള ആർഎസ്എസ്.

അടുത്ത കാലത്ത് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ രക്തസാക്ഷികളായത് മണിപ്പൂരിലുണ്ടായ കലാപത്തിലാണ്. മണിപ്പൂരിലെ കലാപത്തിൽ ജീവത്യാഗം ചെയ്യേണ്ടി വന്ന ക്രിസ്തീയ മതവിശ്വാസികളായ ആളുകൾ രക്തസാക്ഷികളല്ലേ? മണിപ്പൂരിലെ ബിജെപി സർക്കാരിന്റെ കൊള്ളരുതായ്മകളുടെ ഫലമായിട്ടാണ് അവർക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നത് എന്നതാണ് ക്രിസ്തീയ സംഘടനകൾ തന്നെ ആക്ഷേപം ഉന്നയിക്കുന്നത്.

തലശേരി പിതാവ് ഇത്തരമൊരു പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അത് അങ്ങേയറ്റം ഖേദകരമാണ്. ഇത് അദ്ദേഹത്തിൽ നിന്നുണ്ടായ ഒറ്റപ്പെട്ട പ്രസ്താവനയൊന്നുമല്ല. മുൻ‌പും അദ്ദേഹം ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. റബറിന് കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാൽ, ബിജെപിക്ക് കേരളത്തിൽ ജനപ്രതിനിധി ഇല്ല എന്ന പോരായ്മ പരിഹരിക്കും എന്നൊക്കെ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. അത് ക്രിസ്ത്യൻ മതവിശ്വാസികളായ ആളുകൾത്തന്നെ തള്ളിക്കളഞ്ഞതാണ്.

ഈ പ്രസ്താവനയിലും വലിയ കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇവിടുത്തെ ചിന്താശേഷിയുള്ള സാധാരണക്കാർ ബിഷപ്പ് നടത്തിയ പ്രസ്താവനയെ ഗൗരവത്തിലെടുക്കാതെ തള്ളിക്കളയും എന്നാണ് എന്റെ വിശ്വാസം’’ – ജയരാജൻ പറഞ്ഞു.

Top