p. jayarajan – medical report – kathiroor manoj case

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉടന്‍ തന്നെ കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടന്റ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് സി.ബി.ഐ നടപടി.

ആരോഗ്യനില തൃപ്തികരമെങ്കില്‍ ജയരാജനെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ജയില്‍ സൂപ്രണ്ട് ആശുപത്രി അധികൃതര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു.

ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 24 മണിക്കൂര്‍ കഴിഞ്ഞെന്നും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ ജയരാജനെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും മെഡിക്കല്‍ സൂപ്രണ്ടന്റിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ജയില്‍ ചട്ടമനുസരിച്ച് സഹകരണ, സ്വകാര്യ ആശുപത്രികളില്‍ പ്രതിയെ പ്രവേശിപ്പിക്കുന്നതിന് തടസമുണ്ട്. മുമ്പ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് അടിയന്തര സാഹചര്യത്തിലാണ് പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതിനാല്‍ പ്രതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും കത്തില്‍ വിവരിക്കുന്നുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കേണ്ട സാഹചപര്യമില്ലെന്നുമുള്ള നിലപാടിലാണ് സി.ബി.ഐ.

Top