കണ്ണൂര്‍ തൂത്തുവാരാന്‍ സി.പി.എമ്മിന് ‘പുത്തന്‍’ പദ്ധതി, പി.ജെ മത്സരിച്ചേക്കും

ണ്ണൂര്‍ എന്ന ചുവപ്പ് കോട്ടയില്‍ ചരിത്ര വിജയമാണ് ഇത്തവണ ഇടതുപക്ഷം ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും കണ്ണൂര്‍ കൂടുതല്‍ ചുവപ്പിക്കാനാണ് നീക്കം. ഇതിനായി ബ്രാഞ്ച് തലം മുതല്‍ ശക്തമായ പ്രവര്‍ത്തനമാണ് സി.പി.എം പ്രവര്‍ത്തകര്‍ നടത്തി വരുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് ഫലം താല്‍ക്കാലിക പ്രതിഭാസമായാണ് സി.പി.എം വിലയിരുത്തുന്നത്. 2021ലെ ഇടതുപക്ഷത്തിന്റെ സാധ്യതയെ ഇത് ഒരിക്കലും ബാധിക്കില്ലെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പതിനൊന്നില്‍ എട്ട് സീറ്റുകളും ഇടതുപക്ഷമാണ് നേടിയിരുന്നത്. നാല് മണ്ഡലങ്ങളില്‍ നാല്‍പതിനായിരത്തിനു മേല്‍ ഭൂരിപക്ഷം നേടാനും ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. കൂത്തുപറമ്പും കണ്ണൂരും യു.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിന് നിലനിര്‍ത്താനായിരുന്നത്. എ. പി അബ്ദുള്ളക്കുട്ടി തലശ്ശേരിയില്‍ സിപിഎമ്മിന്റെ എ എന്‍ ഷംസീറിനോട് 32,823 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അബ്ദുള്ളക്കുട്ടിയുടെ ആദ്യ പരാജയമാണിത്. കണ്ണൂരിലെ സിറ്റിംഗ് എംഎല്‍എ ആയ അദ്ദേഹം കഴിഞ്ഞ തവണ മണ്ഡലം മാറി മത്സരിക്കുകയാണുണ്ടായത്.

എട്ടാം തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങിയ കെസി ജോസഫ് ഇരിക്കൂറില്‍ 9,647 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗം ഇടതുപക്ഷത്ത് എത്തിയതോടെ ഈ സീറ്റില്‍ യു.ഡി.എഫ് വലിയ വെല്ലുവിളിയാണ് ഇനി നേരിടാന്‍ പോകുന്നത്. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലമാണിത്. അഴീക്കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി 2,287 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇത്തവണ ഈ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ് സി.പി.എം.

പേരാവൂരില്‍ യു.ഡി.എഫിന്റെ സണ്ണി ജോസഫ് വിജയിച്ചത് 7,989 വോട്ടുകള്‍ക്കാണ്. ഇവിടെയും കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത്. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. ബിജെപിയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട്. ഇത്തവണ ഇടതുപക്ഷ പരാജയം ഉറപ്പിക്കാന്‍ ഒരു ‘കൈ’ സഹായം കാവിപ്പടയില്‍ നിന്ന് കോണ്‍ഗ്രസ്സും പ്രതീക്ഷിക്കുന്നുണ്ട്. എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടികളുമായും ധാരണ സംബന്ധിച്ച് യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതേസമയം ഈ സഖ്യ സാധ്യത മുന്നില്‍ കണ്ട് തന്നെയാണ് സി.പി.എമ്മും കരുക്കള്‍ നീക്കുന്നത്. അവിശുദ്ധ സഖ്യം തുറന്ന് കാട്ടി വോട്ടര്‍മാരെ സമീപിക്കാനും മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനുമാണ് തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യം അണികള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ പി.ജയരാജനെ മത്സരിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. അണികളുടെ താല്‍പ്പര്യം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പിണറായിക്കൊപ്പം പി ജയരാജനും മത്സര രംഗത്തുണ്ടായാല്‍ യു.ഡി.എഫ് മണ്ഡലങ്ങള്‍ പോലും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് സി.പി.എം അണികള്‍ ചൂണ്ടിക്കാട്ടുന്നത്.

സ്വന്തമായി ഒരു എടിഎം കാര്‍ഡ് പോലുമില്ലാത്ത അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് പി.ജയരാജന്‍. എം.എല്‍.എ പെന്‍ഷന്‍ ട്രഷറി വഴി വാങ്ങുന്ന ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങളൊന്നും ഇതുവരെ ഉന്നയിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും സാധിച്ചിട്ടില്ല. പി ജയരാജന്‍ മുന്‍കൈയെടുത്ത് കണ്ണൂരില്‍ ആരംഭിച്ച ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഇതിനകം തന്നെ നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സാന്ത്വന പരിചരണ രംഗത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ ഈ സ്ഥാപനം ഇന്ന് വലിയൊരു പ്രസ്ഥാനമായാണ് മാറിക്കഴിഞ്ഞിരിക്കുന്നത്. ജില്ലയിലാകെ വ്യാപിച്ച IRPCയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പി ജയരാജന്‍ തന്നെയാണ്.

ആര്‍.എസ്.എസിന് ശക്തമായ സംഘടനാ സംവിധാനമുള്ള കണ്ണൂരില്‍ അവരുടെ ശോഭായാത്രയെ പ്രതിരോധിക്കാന്‍ ബാലസംഘത്തെ മുന്‍നിര്‍ത്തി പി ജയരാജന്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഇറങ്ങിയത് എതിരാളികളെ ശരിക്കും ഞെട്ടിച്ചിരുന്നു. ആര്‍.എസ്.എസിനെ അവരുടെ ശൈലിയില്‍ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് യോഗാ പരിശീലനവുമായും സിപിഎം രംഗത്തെത്തിയിരുന്നത്. പി.ജയരാജന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലാണ് ഈ സാഹസത്തിനും സി.പി.എം മുതിര്‍ന്നിരുന്നത്. യോഗയ്ക്കു പുറമെ കളരി ഉള്‍പ്പടെയുള്ള മുറകളും പരിശീലിപ്പിക്കാന്‍ സിപിഎം തന്നെയാണ് മുന്‍കൈയെടുത്തിരുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിനായി വ്രതം നോറ്റിരിക്കുന്ന ഭക്തര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയതാണ് ഇക്കാലയളവില്‍ കണ്ണൂരിലെ സിപിഎം മുന്‍കൈയെടുത്ത മറ്റൊരു വിപ്ലവകരമായ തീരുമാനം. കൊട്ടിയൂരിലെത്തുന്ന ഭക്തര്‍ക്കായും സിപിഎം ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയിരുന്നു. സി.പി.എം വോട്ട് ബാങ്കില്‍ കയറാനുള്ള ആര്‍.എസ്.എസ് നീക്കത്തിനാണ് ഈ തീരുമാനം തിരിച്ചടിയായിരുന്നത്. ആര്‍.എസ്.എസ് കടന്നാക്രമണങ്ങളെ ആശയപരമായി മാത്രമല്ല കായികപരമായും ചെറുത്ത് തോല്‍പ്പിച്ച ചരിത്രമാണ് പി.ജയരാജനുള്ളത്.

1999ലെ തിരുവോണ നാളില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ ശരീരം ചിന്നഭിന്നമായ ജയരാജന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ചങ്കുറപ്പ് ഒന്നു കൊണ്ടു മാത്രമാണ്. അന്ന് 13ഓളം റെയില്‍വേ ക്രോസുകള്‍ കടന്ന് കണ്ണൂരില്‍ നിന്ന് അദ്ദേഹത്തെ കോഴിക്കോടും പിന്നീട് എറണാകുളത്തും എത്തിക്കാന്‍ കഴിഞ്ഞത് സി.പി.എം പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണ്ണമായ ഇടപെടല്‍ മൂലമായിരുന്നു.

കണ്ണൂരിലെ സഖാക്കള്‍ക്ക് എന്നും ഒരു കൈയലകത്തിലുള്ള നേതാവാണ് ജയരാജന്‍. ഏതൊരാള്‍ക്കും എപ്പോഴും നേരിട്ട് ബന്ധപ്പെടാനാകുമെന്നതാണ് ജയരാജന്റെ ജനപ്രീതിക്ക് അടിസ്ഥാനമായ മറ്റൊരു പ്രധാനകാര്യം. അതു കൊണ്ട് തന്നെയാണ് പി.ജെ ഇത്തവണ മത്സരക്കണമെന്ന് അണികളും ആഗ്രഹിക്കുന്നത്. പി.ജയരാജന്‍ കൂടി മത്സര രംഗത്തിറങ്ങിയാല്‍ അത് സംസ്ഥാനത്തെ ഇടതുപക്ഷ അണികള്‍ക്കും വലിയ ആവേശമാണുണ്ടാക്കുക.

Top