വടകരയില്‍ കോ-ലീ-ബി സഖ്യം പ്രതീക്ഷിക്കുന്നു ,എതിര്‍ സ്ഥാനാര്‍ത്ഥി പ്രസക്തമല്ല: പി ജയരാജന്‍

jayarajan

വടകര: വടകരയില്‍ കോ-ലീ-ബി സഖ്യം പ്രതീക്ഷിക്കുന്നുവെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി.ജയരാജന്‍. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ പി ജയരാജനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയരാജന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കെ മുരളീധരനാണ് പി. ജയരാജനെതിരെ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മുരളീധരനുമായി ചര്‍ച്ച നടത്തി.

വടകരയിലെ സീറ്റ് സംബന്ധിച്ചുള്ള രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന് വിട്ടിരുന്നു. മത്സരിക്കാന്‍ തയ്യാറാണെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.

പോരാട്ടത്തിന് തയ്യാറെന്നും ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനാണ് മത്സരിക്കുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ‘എതിരാളിക്ക് കീഴടങ്ങുന്ന നയം’ നേതൃത്വം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വടകരയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു പോസ്റ്ററുകള്‍.

പി ജയരാജനെ എതിരിടാന്‍ വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം നിര്‍ബന്ധം പിടിച്ച സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആലോചിച്ച നേതൃത്വത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.

Top