പി ജയരാജന് സീറ്റില്ല; കണ്ണൂര്‍ സിപിഎമ്മില്‍ രാജി

p jayarajan

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സിപിഎമ്മില്‍ രാജി. സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് സ്ഥാനം രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധീരജ് പറഞ്ഞു.

മാനദണ്ഡം ബാധകമാക്കുന്നെങ്കില്‍ എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു. ജയരാജന്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. പാര്‍ട്ടിക്ക് അതീതനായി ജയരാജന്‍ വളരുന്നുവെന്ന വിമര്‍ശം പാര്‍ട്ടിയില്‍ നേരത്തെ ഉയരുകയും പാര്‍ട്ടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം പി ജയരാജന്റെ സഹോദരി പി സതീദേവിയുടെ പേര് കൊയിലാണ്ടി മണ്ഡലത്തിലെ കരട് പട്ടികയിലുണ്ട്. ഒപ്പം കാനത്തില്‍ ജമീലയുടെ പേരുമുള്ളതിനാല്‍ ആരാവും സ്ഥാനാര്‍ഥിയെന്ന് തീരുമാനമായിട്ടില്ല. 35 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജയരാജന്മാര്‍ ആരും മത്സരരംഗത്തില്ലാത്ത തിരഞ്ഞെടുപ്പ് വരുന്നത്. ഇ.പി ജയരാജന്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നേക്കാനുള്ള സാധ്യതയുണ്ട്.

 

Top