യുഎപിഎ കേസില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയില്ല: പി.ജയരാജന്‍

കണ്ണൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസ് സംബന്ധിച്ച് സിപിഎമ്മില്‍ അഭിപ്രായഭിന്നതയില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ രംഗത്ത്.സിപിഐ എമ്മിനകത്ത് ഇക്കാര്യത്തില്‍ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ പറഞ്ഞു.

യുഎപിഎ കേസ് യുഡിഎഫ് ഏറ്റെടുക്കുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയേയും പി ജയരാജന്‍ രൂക്ഷമായി വിമര്‍ശിച്ചു. ചെന്നിത്തല അര സംഘിയാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ ആക്ഷേപമുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലാവാം യുഎപിഎ കേസിലെ ഇടപെടലെവന്നും ജയരാജന്‍ ആഞ്ഞടിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

UAPA കേസില്‍പെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളുടെ വിഷയം കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വീട് സന്ദര്‍ശനത്തിലൂടെ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കയാണ്.പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐ എമ്മിനകത്ത് ഇക്കാര്യത്തില്‍ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

UAPA കാര്യത്തിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും KLF കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു.ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയതുപോലെ NIA ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ പറയാന്‍ പ്രയാസമുണ്ട്. അതേ സമയം അതെ സമയം മാവോയിസ്‌റുകളെയും ഇസ്ലാമിസ്‌റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്.
പ്രത്യേകമായി ക്യാമ്പസുകള്‍.

സിപിഐഎമ്മിന് ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്.എന്നാല്‍ യുഡിഎഫിനോ? UAPA കേസ് ഞങ്ങളിങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോള്‍ ആണ് സെന്‍കുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ UAPA നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തത്.മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ UAPA നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഒരൊറ്റ കോണ്‍ഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല.
ഇടതുപക്ഷം മാത്രമാണ് എതിര്‍ത്തത്.ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ ഉള്‍പ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോള്‍ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്.
അര സംഘിയാണ് ഇദ്ദേഹമെന്നു കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ ആക്ഷേപമുണ്ട്.
അതില്‍ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം

Top