താനൂരില്‍ പോയത് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍; ചെന്നിത്തലയ്ക്ക് മറുപടിയുമായി പി.ജയരാജന്‍

p jayarajan

കണ്ണൂര്‍: താനൂര്‍ കൊലപാതകത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി പി.ജയരാജന്‍.

താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദര്‍ശനം രഹസ്യമല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സിപിഎം നേതാവ് പി. ജയരാജന്‍ താനൂരില്‍ വന്നുപോയതിന് പിന്നാലെയാണ് കൊലപാതകം നടന്നത് എന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്.

പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആർഎസ്എസ് നടത്തുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് മുസ്ലിം ലീഗ് നേതാവ് ഇന്ന് നിയമസഭയിൽ എനിക്ക് എതിരായി നടത്തിയ പരാമർശം. താനൂരിൽ കഴിഞ്ഞ ഒക്ടോബർ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദർശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എൻറെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പോലീസ് ഇൻറലിജൻസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്.

വിവാഹത്തിനു ശേഷം സന്ദർശിച്ചതിൽ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാർട്ടി സഖാക്കളുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോൾ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവർത്തകർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരിൽ ഞാൻ ഇല്ല. ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കിൽ അതിൻറെ ഉത്തരവാദിത്വം എന്നിൽ അടിച്ചേൽപ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല.

നിയമസഭയിൽ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാൻ. എൻറെ അസാന്നിധ്യത്തിൽ എന്നെക്കുറിച്ച് തീർത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമർശം സഭയിൽ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയിൽ ആർ എസ് എസ് ശൈലിയിൽ എന്നെ വേട്ടയാടാൻ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്?

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്?

ഈ വില കുറഞ്ഞ അപവാദ പ്രചാരണം നിങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിന് സഹായകമാകട്ടെ എന്ന് മാത്രം പറയുന്നു.

Top