ജയരാജൻ വിജയിച്ചാൽ സി.പി.എം 20 മണ്ഡലങ്ങളിലും വിജയിച്ചതിന് തുല്യം !

ഒരൊറ്റ വിജയം ലഭിച്ചാല്‍ മാത്രം മതി സി.പി.എമ്മിന് എല്ലാറ്റിനെയും അതിജീവിക്കാന്‍.

19 മണ്ഡലങ്ങളില്‍ അടിപതറിയാലും മുന്നോട്ട് കാല്‍വയ്ക്കാന്‍ ജയരാജന്‍ എന്ന കമ്യൂണിസ്റ്റിന്റെ വിജയം സി.പി.എമ്മിന് കരുത്താകും.

545 അംഗ ലോകസഭയില്‍ സി.പി.എമ്മിന് എത്ര എം പിമാരുണ്ടാകും ഇത്തവണ എന്ന എതിരാളികളുടെ പരിഹാസത്തിനും ചെമ്പടക്ക് ഉത്തരമുണ്ട്. വടകരയിലെ ഈ ‘തരിമതി’ കാവിപ്പടയുടെ ചങ്കിടിപ്പിക്കാനെന്ന മറുപടിയില്‍ തന്നെ എല്ലാം വ്യക്തമാണ്. കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ അത്രമാത്രം ആഗ്രഹിക്കുന്നുണ്ട് ജയരാജന്റെ വിജയം.

കണ്ണൂരിലെ സി.പി.എമ്മിനെ ജയരാജന്‍ നയിച്ച നാളുകള്‍ ആ നാട്ടിലെ സംഘപരിവാറുകാര്‍ മുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്കും ആര്‍.എസ്.എസ് മേധാവിക്കും വരെ ആശങ്കപ്പെടുത്തുന്ന ഓര്‍മ്മകളാണ്.

പ്രതിരോധം എന്ന് സി.പി.എം പറയുമ്പോള്‍ ആക്രമണം എന്നും ചുവപ്പ് ഭീകരതയെന്നുമാണ് സംഘപരിവാര്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

അമിത് ഷാ മുതല്‍ രാജ്യത്തെ സകല കേന്ദ്രമന്ത്രിമാരെയും ബി.ജെ.പി മുഖ്യമന്ത്രിമാരെയും കണ്ണൂരില്‍ ഇറക്കിയാണ് ബി.ജെ.പി ചുവപ്പിനെതിരെ പോരാടിയത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നയിച്ച ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമ പട തന്നെ കുതിച്ചെത്തി. തീര്‍ന്നില്ല, ഡല്‍ഹിയിലെ എ.കെ.ജി സെന്റര്‍ മുതല്‍ നേതാക്കളെ വരെ തടയുന്ന രൂപത്തിലേക്ക് ആര്‍.എസ്.എസ് പ്രതിഷേധം വളര്‍ത്തി കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെയായിരുന്നു ജയരാജന്റെ കണ്ണൂരിലെ പ്രവര്‍ത്തനം.

പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അദ്ദേഹത്തിന് മറിച്ചൊരു അഭിപ്രായമില്ല. സി.പി.എം അണികള്‍ക്ക് പി. ജയരാജന്‍ എന്ന കമ്യൂണിസ്റ്റ് ഏറെ സ്വീകാര്യനാകുന്നതും ഇത്തരം നിലപാടുകള്‍ കൊണ്ടാണ്. സ്വന്തം ജീവന്‍ ബലി കൊടുത്തും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള കേഡര്‍മാരാണ് ഈ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കരുത്ത്.

തീ പാറുന്ന മത്സരം നടന്ന വടകര തിരിച്ച് പിടിക്കണമെന്നത് സി.പി.എം നേതാക്കളുടെ മാത്രമല്ല, അണികളുടെ മൊത്തത്തിലുള്ള വികാരമാണ്.

സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കൂടിയായ പി.ജയരാജന്‍ എന്ന കരുത്തുറ്റ പോരാളിയെ പാര്‍ട്ടി രംഗത്തിറക്കിയത് തന്നെ വടകരയില്‍ ചെങ്കൊടി പാറിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

ആര്‍.എം.പി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങി സകല കമ്യൂണിസ്റ്റ് വിരുദ്ധരെയും ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് യു.ഡി.എഫ് ജയരാജനെതിരെ പട നയിച്ചത്. 2014നെ അപേക്ഷിച്ച് ഒന്നര ശതമാനത്തോളം വോട്ടിന്റെ വര്‍ദ്ധനവാണ് വടകരയില്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

കൊലപാതകി പട്ടം ജയരാജന് ചാര്‍ത്തി കൊടുത്തുള്ള പ്രചരണമാണ് ഇവിടെ യു.ഡി.എഫിന്റെ നേത്യത്വത്തില്‍ നടന്നത്. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സെന്‍ട്രല്‍ ജയിലില്‍ വന്നു കണേണ്ടി വരില്ലെന്ന പ്രകോപനപരമായ പ്രതികരണമാണ് കെ.മുരളീധരന്‍ നടത്തിയിരുന്നത്.

തങ്ങളുടെ കൊടും ശത്രുവായ പി.ജയരാജനെ പാര്‍ലമെന്റ് കാണിക്കില്ലെന്ന വാശിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും ശക്തമായ ഇടപെടലാണ് വടകരയില്‍ നടത്തിയത്. ആര്‍.എസ്.എസ് ഈ മണ്ഡലത്തില്‍ യു.ഡി.എഫിന് വോട്ട് മറിച്ചതായ അഭ്യൂഹവും ശക്തമാണ്. മുസ്ലീം ലീഗിന്റെ കണ്ണൂരിലെ പ്രവര്‍ത്തക സംഘവും വടകരയില്‍ ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

ഈ ശത്രു പടയെ ചെറുക്കാന്‍ ചെമ്പടയും ശക്തമായ പ്രചരണമാണ് മണ്ഡലത്തില്‍ നടത്തിയത്. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എതിരാളികള്‍ ചോദ്യം ചെയ്ത ജയരാജന്റെ വ്യക്തിത്വം തന്നെ ഉയര്‍ത്തിക്കാട്ടിയായിരുന്നു തിരിച്ചടിയും.

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച മുരളീധരന്റെ ബാല്യമായിരുന്നില്ല ജയരാജന്റെ ബാല്യമെന്നും പട്ടിണിയും കണ്ണീരും താണ്ടിയാണ് ഉയര്‍ന്ന് വന്നതെന്നും സി.പി.എം ഓര്‍മ്മിപ്പിക്കുന്നു. ഒരു അഴിമതി ആരോപണമെങ്കിലും ജയരാജന് നേരെ ഉന്നയിക്കാനും സി.പി.എം വെല്ലുവിളിച്ചു.

ഭരിക്കുന്ന പാര്‍ട്ടിയുടെ അമരത്തും എം.എല്‍.എ ആയും ഒക്കെ പ്രവര്‍ത്തിച്ചിട്ടുള്ള ജയരാജന് എതിരെ ഇതുവരെ അത്തരം ഒരു ആക്ഷേപവും ഉയര്‍ന്നിരുന്നില്ല. സ്വന്തം മകന്‍ പോലും ഇപ്പോഴും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്ന് ഓര്‍ക്കുമ്പോഴാണ് ഈ കമ്യൂണിസ്റ്റിന്റെ മഹത്വം മനസ്സിലാകുക.

സംഘടനാപരമായി ഒരു വിട്ടുവീഴ്ചയും ചെയ്യാതെ കര്‍ക്കശ നിലപാട് സ്വീകരിച്ച് വരുന്നത് കൊണ്ടാണ് ജയരാജനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്.

cpm

കൊലയാളി പട്ടം ജയരാജന് ചാര്‍ത്തി കൊടുക്കുന്നവര്‍ മരണത്തെ അതിജീവിച്ച ആ ശരീരത്തിലെ അവശേഷിപ്പുകള്‍ കാണാത്തതിലാണ് ചെമ്പടയുടെ രോഷം മുഴുവന്‍.

ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ ആര്‍.എസ്.എസിനൊപ്പം കാത്തിരിക്കുന്ന മുസ്ലീംലീഗ്കാരന്റെ നിലപാടും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

പീഢിത മുസ്ലിം സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതിബിംബമായ കുത്ത്ബുദ്ദീന്‍ അന്‍സാരി തന്നെ ജയരാജന് വോട്ട് ചോദിച്ച് വടകരയില്‍ എത്തുകയുണ്ടായി. ഗുജറാത്ത് കലാപകാരികള്‍ക്കിടയില്‍ കൈകൂപ്പി ജീവനുവേണ്ടി യാചിക്കുന്ന അന്‍സാരിയുടെ മുഖം ആര് മറന്നാലും ഇന്ത്യയിലെ മതേതര വിശ്വാസികള്‍ ഒരിക്കലും മറക്കില്ല.

ജീവനും കൊണ്ട് പലായനം ചെയ്ത കുത്തുബുദ്ദീന്‍ അന്‍സാരിക്ക് അന്ന് അഭയം നല്‍കിയത് പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറായിരുന്നു. അന്നു മുതല്‍ ചുവപ്പ് രാഷ്ട്രീയത്തെയും അതിന്റെ നേതാക്കളെയും സ്‌നേഹിക്കുന്ന അന്‍സാരിയുടെയും ഹീറോയാണ് പി.ജയരാജന്‍. മുസ്ലീം ലീഗുകാര്‍ ഓര്‍ക്കാതെ പോയതും ഈ യാഥാര്‍ത്ഥ്യമാണ്.

Top