‘ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ ലീഗിന് പൊള്ളേണ്ട കാര്യമില്ല, തെളിവുകള്‍ ഉണ്ട്’; ജയരാജന്‍

തിരുവനന്തപുരം: കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ വിവാദമായ’മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ട്’ എന്ന പ്രസ്താവനയെ പിന്തുണച്ച് പി ജയരാജന്‍ രംഗത്ത്. മോഹനന്‍ നടത്തിയ പ്രസ്താവനയില്‍ തെളിവ് ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

സി.ആര്‍.പി.പി (കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്) എന്ന സംഘടനയ്ക്ക് എതിരെയാണ് പി ജയരാജന്റെ ആരോപണം. ഈ സംഘടനയില്‍ നിരോധിതസംഘടനാ പ്രവര്‍ത്തകരുണ്ടായിരുന്നുവെന്നും, ഇതില്‍ മലയാളികളടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് പി. ജയരാജന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ അമ്മ അര്‍പുതാമ്മാള്‍ അടക്കമുണ്ടായിരുന്ന യോഗത്തില്‍ പങ്കെടുത്ത മലയാളിയായ ഒരു പ്രൊഫസറുടെ പേരെടുത്ത് പറഞ്ഞാണ് പി. ജയരാജന്റെ ആരോപണം.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ ആദ്യം പ്രതിയായി ശിക്ഷിക്കപ്പെടുകയും പിന്നീട് സുപ്രീംകോടതി വെറുതെ വിടുകയും ചെയ്ത ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനി വൈസ് പ്രസിഡന്റായ സംഘടനയാണ് ഇത്. ഇതിനെ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ ആരോപണം.

അതേസമയം പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളെ കുറിച്ചും ജയരാജന്‍ പരാമര്‍ശിച്ചു. അത് മുസ്ലിം ചെറുപ്പക്കാര്‍ക്ക് എതിരായ നടപടിയായി ചിത്രീകരിക്കുന്നത് സമൂഹത്തിന് അപകടമാണ്. അതാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട്ട് അറസ്റ്റിലായ ചെറുപ്പക്കാര്‍ ഈ മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ടിരിക്കാം എന്ന് മാത്രമേ എനിക്ക് പറയാനാകൂ. പക്ഷേ, അതില്‍ യുഎപിഎ ചുമത്തിയത് തെറ്റാണ് എന്നാണ് പി. ജയരാജന്‍ പറഞ്ഞത്.

”മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി എന്നും പോരാടിയത് ഇടതുപക്ഷമാണ്. മതാടിസ്ഥാനത്തില്‍ രാജ്യത്തും പൊതുവേ ലോകത്തും തീവ്രവാദം ശക്തിപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വ തീവ്രവാദമാണ്.

അവര്‍ തിരികെ ചൂണ്ടിക്കാട്ടുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് ഇടയിലുള്ള തീവ്രവാദമാണ്. അത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന നിലവിലുണ്ട്. അതിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.

കണ്ണൂരിലും കാസര്‍കോട്ടും ഐഎസ് റിക്രൂട്ട്‌മെന്റ് ഉണ്ടായിട്ടുണ്ടല്ലോ. മതഭ്രാന്ത് പ്രചരിക്കുകയാണ് ഇവിടെ. അങ്ങനെ പ്രചരിപ്പിക്കുന്ന ചിലര്‍ മാവോയിസ്റ്റുകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണ് മോഹനന്‍ പറഞ്ഞത്.

ഹിന്ദുത്വ തീവ്രവാദം എന്ന് പറഞ്ഞാല്‍, അത് ഹിന്ദുക്കള്‍ക്ക് എതിരല്ല. ഇസ്ലാമിക തീവ്രവാദശക്തികള്‍ എന്ന് പറഞ്ഞാല്‍ ലീഗിന് അതുപോലെ പ്രകോപനം തോന്നേണ്ട കാര്യമില്ല”, എന്നും പി ജയരാജന്‍ വ്യകത്മാക്കി.

Top