രവീന്ദ്രൻ മാസ്റ്റർക്കെതിരെ വിമർശനവുമായി പി ജയചന്ദ്രൻ

തൃശൂര്‍: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രനെതിരെ വീണ്ടും വിമര്‍ശനവുമായി ഗായകന്‍ പി.ജയചന്ദ്രന്‍. മലയാള സിനിമാഗാനരംഗത്ത് ദേവരാജൻ കൊണ്ടുവന്ന മെലഡി, രവീന്ദ്രൻ മാറ്റി സർക്കസ് കൊണ്ടുവരുകയായിരുന്നെന്ന് ജയചന്ദ്രന്‍ ആരോപിച്ചു. സ്വരം തൃശൂരിന്‍റെ ‘ജയസ്വരനിലാവ്’ പരിപാടിയിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

”രവീന്ദ്രനും യേശുദാസും ചേർന്ന് സൂപ്പർ ഹിറ്റ് ഗാനങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും എനിക്കിഷ്ടമല്ല. ചെന്നൈയിൽ വെച്ച് രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് ഞാനാണ്. അവർ തമ്മിൽ ഒന്നായി, ഞാൻ പുറത്തായി. നല്ലൊരു പാട്ട് തരാൻ പറ്റിയില്ലെന്ന് പിന്നീട് ഒരിക്കൽ കണ്ടപ്പോൾ രവി എന്നോടു പറഞ്ഞിരുന്നു. ദേഷ്യമില്ലന്ന് ഞാനും പറഞ്ഞു. ദേവരാജൻ, ബാബുരാജ്, കെ. രാഘവൻ, എം.കെ. അർജുനൻ എന്നിവർ മാത്രമാണ് മാസ്റ്റർ എന്നു വിളിക്കാൻ യോഗ്യർ. ജോൺസനെ മുക്കാൽ മാസ്റ്റർ എന്നു വിളിക്കാം” -ജയചന്ദ്രൻ പറഞ്ഞു

സ്വരം തൃശൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വ്യവസായി സുന്ദര്‍ മേനോനാണ് ജയചന്ദ്രനെ ആദരിച്ചത്. ടി.എൻ. പ്രതാപൻ എം.പി. വിദ്യാധരൻ, എ. അനന്തപദ്മനാഭൻ, സുന്ദർ മേനോൻ, അഡ്വ. ശോഭ ബാലമുരളി തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ അവാർഡ് നേടിയ നടി അപർണ ബാലമുരളിയെയും ചടങ്ങിൽ ആദരിച്ചു.

Top