പി.ചിദംബരത്തെ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും

ന്യൂഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന പി.ചിദംബരത്തെ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി സി.ബി.ഐ കോടതിയെ അറിയിക്കും.

ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിതോടെ കഴിഞ്ഞ 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് ഹാജരാക്കിയ റോസ് അവന്യു കോടതി നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു. പിന്നീട് 4 ദിവസം കൂടി നീട്ടി നല്‍കി. എട്ടു ദിവസമായി സി.ബി.ഐ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂട്ട് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്തതായാണ് വിവരം.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ട് ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പരിഗണിക്കരുത് എന്ന് സുപ്രിം കോടതി സി.ബി.ഐ കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ സുപ്രിം കോടതി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top