‘സ്വന്തം കാര്യം നോക്കിക്കോളൂ’; സൈനിക മേധാവിക്ക് ചിദംബരത്തിന്റെ ഉപദേശവും ഭീഷണിയും

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമായി അഭിപ്രായം പറഞ്ഞെന്ന് ആരോപിച്ച് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സ്വന്തം പണി മാത്രം നോക്കി ഇരുന്നാല്‍ മതിയെന്നാണ് ജനറല്‍ റാവത്തിന് ചിദംബരം വക ഉപദേശം. രാജ്യത്ത് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ അതിക്രമങ്ങള്‍ക്ക് വഴിമാറുന്നതിന് ഇടെ ജനറല്‍ റാവത്ത് നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് പ്രതിപക്ഷം ആയുധമാക്കിയത്.

വിദ്യാര്‍ത്ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരെ നേതാവെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നാണ് ഒരു പൊതു പരിപാടിയില്‍ സൈനിക മേധാവി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ അഭിപ്രായമാണെന്ന് ആരോപിച്ചാണ് സൈനിക മേധാവിക്കെതിരെ പ്രതിപക്ഷം കൊടിപിടിച്ചത്. സൈനിക ഉദ്യോഗസ്ഥര്‍ക്ക് എങ്ങിനെ ജോലി ചെയ്യണമെന്ന് രാഷ്ട്രീയക്കാരല്ല പറഞ്ഞുകൊടുക്കുന്നതെന്ന് ചിംദബരം ഓര്‍മ്മിപ്പിച്ചു.

‘ഡിജിപിയോടും, സൈനിക മേധാവിയോടും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇത് നാണക്കേടാണ്. ജനറല്‍ റാവത്ത് സൈന്യത്തെ നയിക്കുന്ന വ്യക്തിയാണ്, താങ്കള്‍ സ്വന്തം പണി നോക്കിയാല്‍ മതി’, ചിദംബരം പറഞ്ഞു. രാഷ്ട്രീയക്കാര്‍ എന്ത് ചെയ്യണമെന്ന് പറയേണ്ടത് സൈന്യത്തിന്റെ പണിയല്ല. നിങ്ങളോട് യുദ്ധം എങ്ങിനെ പോരാടണമെന്ന് ഞങ്ങള്‍ പറഞ്ഞ് തരേണ്ടതില്ല എന്നത് പോലെയാണത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമം റദ്ദാക്കി, ദേശീയ പൗരത്വ രജിസ്റ്റര്‍ നിര്‍ത്തലാക്കുന്നത് വരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും ചിദംബരം പ്രസ്താവിച്ചു.

Top