സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്കു മാത്രമേ രക്ഷയുള്ളൂ ; മെര്‍സലിന് പിന്തുണയുമായി ചിദംബരം

ന്യൂഡല്‍ഹി: വിജയ്‌യുടെ മെര്‍സല്‍ എന്ന ചിത്രത്തെ എതിര്‍ക്കുന്ന ബിജെപി നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്.

സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്കു മാത്രമേ പ്രദര്‍ശനാനുമതി ലഭിക്കൂ എന്ന സ്ഥിതിയുണ്ടാകുമെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

‘സിനിമാക്കാര്‍ ശ്രദ്ധിക്കുക : സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രമേ നിര്‍മ്മിക്കാവൂ എന്ന് അധികം വൈകാതെ നിയമം വരും. മെര്‍സല്‍ എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ നീക്കംചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. ‘പരാശക്തി’ ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

1952-ല്‍ പുറത്തിറങ്ങിയ ‘പരാശക്തി’ എന്ന തമിഴ് ചിത്രം ആചാരാനുഷ്ടാനങ്ങളെ ശക്തമായി വിമര്‍ശിച്ചിരുന്നു. ശിവാജി ഗണേശന്‍ നായകനായ ഈ ചിത്രത്തിന്റെ തിരക്കഥ കരുണാനിധിയുടേതായിരുന്നു.

ഈ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി അന്ന് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് പി. ചിദംബരം തന്റെ ട്വീറ്റില്‍ പരാശക്തിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

Top