എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.ആഗസ്റ്റ് 23 ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ് നല്‍കി.

2007 ല്‍ 70,000 കോടി രൂപ ചിലവിട്ട് എയര്‍ബസ്സില്‍ നിന്ന് 48 വിമാനങ്ങളും ബോയിങ്ങില്‍ നിന്ന് 68 വിമാനങ്ങളും വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്. ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇടപാട് നടക്കുന്ന കാലത്ത് സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന്റെ മൊഴിയെ തുടര്‍ന്നാണ് ചിദംബരത്തെ ചോദ്യം ചെയ്യുന്നത്. ചിദംബരം അധ്യക്ഷനായ മന്ത്രിതല സമിതിയാണ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന് അന്തിമ അനുമതി നല്‍കിയതെന്നായിരുന്നു പ്രഫുല്‍ പട്ടേല്‍ നല്‍കിയ മൊഴി.

Top