ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ഹര്‍ജി തള്ളി; മറ്റൊരു ഹര്‍ജി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ പി.ചിദംബരം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചിദംബരത്തിന്റെ അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ പരിഗണിച്ചില്ല.അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാന്‍ഡ് ചെയ്തതിനും എതിരായ ഹര്‍ജി ഇന്നു പരിഗണിക്കാനാകില്ലെന്നു സുപ്രീം കോടതിവ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹര്‍ജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അറിയിച്ചു.

അതേസമയം ചിദംബരത്തിന്റെ 5 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടുമെന്നാണു സൂചന. കഴിഞ്ഞ നാലു ദിവസത്തെ ചോദ്യം ചെയ്യലിനിടെ പുതിയ തെളിവുകള്‍ ലഭിച്ചുവെന്ന് സിബിഐ കോടതിയെ അറിയിക്കുമെന്നാണു കരുതുന്നത്.

Top