പി ചിദംബരം ഇന്ന് പാർലമെന്റിൽ ; ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കും

ന്യൂഡല്‍ഹി : ജയില്‍ മോചിതനായ പി ചിദംബരം ഇന്ന് പാര്‍ലമെന്റില്‍ എത്തും. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കും.

ടാക്സേഷന്‍ നിയമ ഭേഭഗതി ബില്ലിന്റെ ചര്‍ച്ചയിലും കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച് അദ്ദേഹം പങ്കെടുക്കും. അന്തര്‍ദേശിയ ഫിനാന്‍ഷ്യല്‍ സര്‍വീസ് അതോറിറ്റി ബില്ലാണ് ഇന്നത്തെ ലോക്സഭയുടെ നിയമനിര്‍മാണ അജണ്ട.

ബുധനാഴ്ചയാണ് ഐഎന്‍എക്സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ 106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ചിദംബരം പുറത്തിറങ്ങിയത്.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ സുപ്രീംകോടതി ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഇന്ന് ഉപാധികളോടെ ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

രണ്ട് ലക്ഷം രൂപയും പാസ്‌പോർട്ടും വിചാരണക്കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും രാജ്യംവിട്ടുപോകരുതെന്നും സുപ്രിംകോടതി നിർദേശിച്ചു.

ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി റോസ് അവന്യൂ കോടതി ചിദംബരത്തിന്‍റെ ജ്യുഡീഷ്യല്‍ കസ്റ്റഡി റിമാന്‍റ് അടുത്ത 11 വരെ നീട്ടിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിൽ സുപ്രീംകോടതി ചിദംബരത്തിന് നേരത്തെ ജാമ്യം നൽകിയിരുന്നു.

ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ.

Top