കര്‍ഷകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി വോട്ടിനുള്ള കൈക്കൂലി: പി. ചിദംബരം

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടുവിച്ച 75,000 കോടി രൂപയുടെ പദ്ധതിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായുള്ള പദ്ധതി വോട്ടിനുവേണ്ടിയുള്ളതാണെന്നാണ് ചിദംബരം വിമര്‍ശിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ചിദംബരം മോദിസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

ജനാധിപത്യ രാജ്യത്ത് വോട്ടിനായി കൈക്കൂലി നല്‍കുന്നതിനെക്കാള്‍ ലജ്ജാകരമായ മറ്റൊന്നുമില്ലെന്നും ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടാത്തത് നാണക്കേടാണെന്നും ചിദംബരം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലായിരുന്നു മോദിയുടെ കര്‍ഷക പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതി പ്രകാരം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6,000 രൂപ നേരിട്ട് നല്‍കും. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് മൂന്ന് തവണകളായിട്ടാണ് ആറായിരം രൂപ നല്‍കുന്നത്.

Top