ഐഎന്‍എക്സ് മീഡിയ കേസ്; പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി:ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു.

ചിദംബരത്തിനായി ഹാജരായ കപില്‍ സിബല്‍ ജസ്റ്റിസ് എന്‍.വി.രമണയോട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. അടിയന്തരമായി കേള്‍ക്കേണ്ട ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹത്തിന് കൈമാറാമെന്നും ജസ്റ്റിസ് രമണ പറഞ്ഞു.

മുന്‍ ധനകാര്യമന്ത്രിയായ ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്.

അതേസമയം ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടാന്‍ സി.ബി.ഐ വീണ്ടും ആവശ്യം ഉന്നയിച്ചേക്കും. ചിദംബരം നല്‍കിയ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സി.ബി.ഐ പ്രത്യേക ജഡ്ജി അജയ് കുമാറാണ് കേസ് പരിഗണിക്കുന്നത്.

Top