ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലാത്ത കേസില്‍ ചിദംബരം കുറ്റക്കാരനാകുന്നതെങ്ങനെയെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി : ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലാത്ത കേസില്‍ പി ചിദംബരം കുറ്റക്കാരനാകുന്നതെങ്ങനെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ്.

‘ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ പി ചിദംബരം തടവില്‍ തന്നെ തുടരുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്. നമ്മുടെ ഭരണ സംവിധാനത്തില്‍, ഒരാള്‍ക്ക് മാത്രമായി ഒരു തീരുമാനവും എടുക്കാന്‍ സാധിക്കില്ല. ഫയലുകളില്‍ രേഖപ്പെടുത്തുന്ന സംയോജിത തീരുമാനങ്ങളാണ് എല്ലാം,’ മന്‍മോഹന്‍ സിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒരു ഡസനോളം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്ത പദ്ധതിയാണത്. ഐകകണ്‌ഠേനയുള്ള ശുപാര്‍ശ മന്ത്രിയായിരുന്ന ചിദംബരം അംഗീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലായെങ്കില്‍, ശുപാര്‍ശയില്‍ വെറുതെ ഒപ്പുവയ്ക്കുക മാത്രം ചെയ്ത ചിദംബരം കുറ്റക്കാരനാകുന്നതെങ്ങനെ എന്നത് ധാരണാശക്തിക്കും അപ്പുറമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎന്‍എക്‌സ് മീഡിയ കേസിലാണ് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയായ പി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത്.

Top