എഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി: പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്.ഐഎന്‍എക്‌സ് മീഡിയ അഴിമതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരം ജയിലിലുള്ളത്.

കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീം കോടതി ഒക്ടോബര്‍ 22 ന് ജാമ്യം അനുവദിച്ചിരുന്നു.
ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്ന സിബിഐ വാദം കോടതി തള്ളുകയായിരുന്നു. നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ചിദംബരം കോടതിയെ സമീപിച്ചപ്പോള്‍ ചിദംബരം പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും സിബിഐ വാദിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനി ജാമ്യം അനുവദിക്കുന്നതിന് തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസില്‍ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ 5ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയ.

Top