ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റിന്റെ ഹർജിയിൽ ഇന്ന് വിധി പറയും

chithambaram

ന്യൂ​ഡ​ല്‍​ഹി : ഐഎന്‍എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. എന്‍ഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

കൂടാതെ കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ചിദംബരം നല്‍കിയ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ച ഉത്തരവിനെയും ചോദ്യം ചെയ്താണ് ചിദംബരം ജാമ്യാപേക്ഷ നല്‍കിയത്.

ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കുന്നതിന് അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് കേസ്.

Top