ചിദംബരത്തിന്റെ ഹര്‍ജിക്കെതിരെ സിബിഐ തടസ ഹര്‍ജി നല്‍കി; കുരുക്ക് മുറുകുന്നു…

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയാ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പി. ചിദംബരം നല്‍കിയ ഹര്‍ജിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി. സി.ബി.ഐ.യും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് ചിദംബരത്തിന്റെ നീക്കങ്ങള്‍ക്കെതിരെ തടസ ഹര്‍ജി നല്‍കിയത്.

കേസില്‍ നേരത്തെ പി. ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നാല് തവണ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി സി.ബി.ഐ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനാവാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

അതേസമയം, അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഉടന്‍ തീരുമാനമെടുത്തേക്കില്ലെന്നാണ് സൂചന. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടു. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വരുന്നത് വരെ അറസ്റ്റ് ചെയ്യുന്നതില്‍ പരിരക്ഷ നല്‍കിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കാന്‍ ജസ്റ്റിസ് രമണ തയ്യാറായില്ല.

Top