ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി.ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഉച്ചക്ക് ശേഷം 2 മണിക്കാണ് കേസ് പരിഗണിക്കുക. ഇതോടൊപ്പം ചിദംബരത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷ സിബിഐ കോടതി ഉച്ചക്ക് ശേഷം മൂന്നര മണിക്കും പരിഗണിക്കും.

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയിൽ ഇന്നലെ തന്നെ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഇറക്കിയ ഉത്തരവ്. ജാമ്യം തള്ളുകയാണെങ്കിൽ ചിദംബരത്തെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിടണമെന്നും നിര്‍ദ്ദേശിച്ചു. അതിനെ സിബിഐ ചോദ്യം ചെയ്തതോടെയാണ് കേസ് ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചത്.

ഇന്ന് സി.ബി.ഐ കോടതിയില്‍ നിലപാടറിയിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്റെ ഹര്‍ജി നല്‍കിയത്. ഇടക്കാല ഉത്തരവൊന്നും ഇല്ലാത്തതിനാല്‍ കസ്റ്റഡി നിലനില്‍ക്കുമെന്നാണ് സി.ബി.ഐ വാദം. ഇക്കാര്യത്തില്‍ കോടതി ഇന്ന് വിധി പറയും.

Top