പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ ഇടപാട് കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടാന്‍ സി.ബി.ഐ വീണ്ടും ആവശ്യം ഉന്നയിച്ചേക്കും. ചിദംബരം നല്‍കിയ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സി.ബി.ഐ പ്രത്യേക ജഡ്ജി അജയ് കുമാറാണ് കേസ് പരിഗണിക്കുന്നത്.

ഐ.എന്‍.എക്‌സ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ ആയിരുന്ന കേസിലെ മാപ്പുസാക്ഷി ഇന്ദ്രാണി മുഖര്‍ജിയുമായി ചിദംബരം കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിച്ചുവെന്നത് അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം എതിര്‍ത്തത്. ചിദംബരം ധനമന്ത്രാലയത്തിലെ സന്ദര്‍ശക പട്ടിക നശിപ്പിച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ചാല്‍ ചിദംബരം കേസിനെ സ്വാധീനിക്കുമെന്നും മറ്റ് തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നുമായിരുന്നു സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചിരുന്നു.

ഹൈക്കോടതിക്ക് നല്‍കിയ സീല്‍ വെച്ച കവറിലെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ ഡല്‍ഹി റോസ് അവന്യൂവിലെ വിചാരണ കോടതിക്കും സി.ബി.ഐ നല്‍കിയേക്കും. 28 ദിവസമായി കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ തിഹാര്‍ ജയിലില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്ന് സമയം ചോദിച്ചേക്കും.

ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശ നിക്ഷേപം അനുവദിച്ചുവെന്ന് ആരോപിച്ചാണ് സി.ബി.ഐ കേസെടുത്തത്.

Top