ഐ.എന്‍.എക്സ് മീഡിയ കേസ്; വാദം പൂര്‍ത്തിയായി, ചിദംബരം കോടതിയില്‍ സംസാരിച്ചു

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസിന്റെ വാദം പൂര്‍ത്തിയായി. കേസില്‍ അറസ്റ്റിലായ പി.ചിദംബരം കോടതിയില്‍ സംസാരിച്ചു. സോളിസിറ്റര്‍ ജനറലിന്റെ താക്കീത് മറി കടന്നാണ് ചിദംബരം കോടതിയില്‍ സംസാരിച്ചത്.

തനിയ്ക്ക് വിദേശ ബാങ്കില്‍ അക്കൗണ്ടില്ലെന്നും കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് അക്കൗണ്ട് എടുക്കാന്‍ അനുമതി ഉണ്ടെന്നും ഇക്കാര്യങ്ങളെല്ലാം സിബി ഐയോട് പറഞ്ഞിട്ടുണ്ടെന്നും ചിദംബരം വ്യക്തമാക്കി.

ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കോടതിയില്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ചിദംബരത്തിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിക്കുകയും ചെയ്തു.

അത്യധികം നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ അറസ്റ്റ് ചെയ്തത്. എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിയ ചിദംബരത്തെ പിന്തുടര്‍ന്നെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. മതില്‍ ചാടിക്കടന്നായിരുന്നു സി.ബി.ഐ ചിദംബരത്തിന്റെ വസതിയില്‍ കയറിയത്.

സി.ബി.ഐ ആസ്ഥാനത്ത് രാത്രി തന്നെ ചിദബംരത്തെ എത്തിച്ചു. അറസ്റ്റിന് ശേഷം സി.ബി.ഐ ആസ്ഥാനത്ത് വെച്ചുതന്നെ ചിദംബരത്തിന്റെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തി. സി.ബി.ഐ ഡയറക്ടര്‍ ആര്‍. കെ ശുക്ല ജോയിന്റ് ഡയറക്ടര്‍ അമിത് കുമാര്‍ എന്നിവരും രാത്രി തന്നെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു.

Top