പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് ഇന്ന് അറസ്റ്റ് ചെയ്തേക്കും

ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് ഇന്ന് അറസ്റ്റ് ചെയ്തേക്കും.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റിന് കോടതി അനുമതി നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ ചിദംബരത്തെ അറസ്റ്റു ചെയ്യാമെന്നും ഡല്‍ഹി റോസ് അവന്യു കോടതി വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 5 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന അന്വേഷണ ഏജന്‍സിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അനുമതി. എന്‍ഫോഴ്സ്മെന്റിന്റെ ഹര്‍ജി പരിഗണിച്ച കോടതി രണ്ട് നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചത്. കോടതി പരിസരത്ത് വെച്ച് ചിദംബരത്തെ ചോദ്യം ചെയ്യുക പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കുക, അല്ലെങ്കില്‍ തിഹാര്‍ ജയിലില്‍ നിന്നും ചിദംബരത്തെ അറസ്റ്റ് ചെയ്യാം. പിന്നീട് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎന്‍എക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതല്‍മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സി.ബി.ഐയുടെ കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഇതിനായി പണം പറ്റിയതായാണ് ആരോപണം.

Top