ചിദംബരത്തിന്റെ അറസ്റ്റ് ഉടൻ , സി.ബി.ഐ വസതി വളഞ്ഞു

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ ആരോപണവിധേയനായ ചിദംബരം 24 മണിക്കൂര്‍ അജ്ഞാതവാസത്തിന് ശേഷം അദ്ദേഹത്തിന്റെ വസതിയിലെത്തി. ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

സിബിഐ സംഘം എഐസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടെന്ന വിവരത്തെത്തുടര്‍ന്ന് ചിദംബരം ധൃതിപ്പെട്ട് എഐസിസി ആസ്ഥാനത്ത് നിന്ന് മടങ്ങുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് വച്ച് അറസ്റ്റുണ്ടാകുന്നത് ഒഴിവാക്കാനാണ് ചിദംബരം മടങ്ങിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെയാണ് ചിദംബരം പോയത്.

സിബിഐ സംഘവും എന്‍ഫോഴ്‌സ്‌മെന്റ് സംഘവും ചിദംബരത്തിന്റെ വീടിന് സമീപം എത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഗേറ്റ് ചാടിക്കടന്നാണ് അകത്ത് കയറിയത്.

ചിദംബരത്തെ അനുകൂലിച്ച് മുദ്രവാക്യം വിളികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തിനു മുന്‍പില്‍ തമ്പടിച്ചിട്ടുണ്ട്.

നേരത്തെ, ചിദംബരത്തിന്റെ ഹര്‍ജി അടിയന്തരമായി ഇന്ന് പരിഗണിക്കാന്‍ സാധിക്കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ ഹര്‍ജി വെള്ളിയാഴ്ചയാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

ചിദംബരത്തിന്റെ ഹര്‍ജിയ്‌ക്കെതിരെ സി.ബി.ഐ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സി.ബി.ഐക്ക് നോട്ടീസ് നല്‍കാതെ ഒരു തീരുമാനവും എടുക്കരുതെന്നാണ് തടസ്സ ഹര്‍ജിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടത്. പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്.

ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്‌സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ. കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റാണ്.

Top