പൂഞ്ഞാറില്‍ ഉരുള്‍പൊട്ടല്‍ സാധ്യത; മുന്നറിയിപ്പുമായി പി.സി. ജോര്‍ജ്, പരിഭ്രമിക്കേണ്ടതില്ലെന്ന് അധികൃതര്‍

pc-george

കോട്ടയം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലുള്ളവര്‍ മാറി താമസിക്കണമെന്ന മുന്നറിയിപ്പുമായി പി.സി. ജോര്‍ജ്. പൂഞ്ഞാര്‍ തെക്കേകര,തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും ആഗസ്റ്റ് 15 വരെയുള്ള രാത്രികാലങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന മുന്നറിയിപ്പാണ് പി.സി. ജോര്‍ജ് നല്‍കിയത്.

ഇദ്ദേഹത്തിന്റെ ശബ്ദ സന്ദേശം വാട്സാപ്പില്‍ കൂടി പ്രചരിക്കുന്നുമുണ്ട്. പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ പരിഭ്രമിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും പ്രസ്തുത പ്രദേശങ്ങള്‍ക്ക് മാത്രമായി പ്രത്യേക മുന്നറിയൊപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്. എം.എല്‍എ പറഞ്ഞിട്ടുള്ള പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളാണ്. മുമ്പ് ഇവിടെ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്നതുപോലെ ഭീതിജനകമായ സാഹചര്യം അവിടെ ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Top