P.C George Criticizing K.M Mani and Jose K Mani

കോട്ടയം:റബ്ബര്‍ വിലയിടിവിനെതിരെ നിരാഹാര സമരം നടത്തുന്ന ജോസ് കെ.മാണിക്കും മുന്‍ മന്ത്രി കെ.എം.മാണിക്കുമെതിരെ ആരോപണങ്ങളുമായി പി.സി.ജോര്‍ജ്.

കൃത്രിമ റബര്‍ വിതരണത്തിനായി 1989 മുതല്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനിയുടെ പിന്നില്‍ കെ.എം.മാണിയും ജോസ് കെ.മാണിയും ഇവരുടെ ബന്ധുക്കളുമാണെന്നു പി.സി.ജോര്‍ജ് ആരോപിച്ചു.

കമ്പനിയുടെ സാരഥ്യം വഹിക്കുന്നവരില്‍ ഒരാള്‍ കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവ് മാത്യു സേവ്യറാണെന്നും മറ്റൊരു പാര്‍ട്‌നര്‍ മാണിയുടെ മരുമകന്റെ അനുജന്റെ ഭാര്യ രൂപയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഇതു സംബന്ധിക്കുന്ന രേഖകളും കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍ പി.സി ജോര്‍ജ് പുറത്തുവിട്ടു.

എംപിയാകുന്നതിനു മുന്‍പു ജോസ് കെ.മാണി കമ്പനിയുടെ പാര്‍ട്ണര്‍ ആയിരുന്നെന്നും ഇതിനു ശേഷം ഇപ്പോള്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷയാണ് കമ്പനിയുടെ പാര്‍ട്‌നര്‍ സ്ഥാനം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിലയന്‍സ് കമ്പനിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് കൃത്രിക റബറിന്റെ കേരളത്തിലെ സ്റ്റോക്കിസ്റ്റെന്നും കേരളത്തില്‍ റബറിനു വിലയിടിക്കുന്നതിനു പിന്നില്‍ ആസൂത്രകരാകുന്നത് ഇതേ കമ്പനി തന്നെയാണെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.

സഭാ നേതൃത്വങ്ങളെ അടക്കം തെറ്റിദ്ധരിപ്പിച്ചാണു ജോസ് കെ.മാണി സമര നാടകം തുടരുന്നത്. കൊച്ചി നഗരസഭയില്‍ ഇതു വരെ റജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന കമ്പനി വന്‍ നികുതി തട്ടിപ്പ് കെ.എം.മാണിയുടെ സഹായത്തോടെ നടത്തിയിട്ടുണ്ട്. ഇതെല്ലാം മറച്ചു വച്ച് കര്‍ഷകരെ കബളിപ്പിക്കാനാണു ജോസ് കെ.മാണി നിരാഹാരം സമരവുമായി രംഗത്തു വന്നതെന്നും ഇതു സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

Top