സ്ത്രീകള്‍ മര്‍ദ്ദിച്ചു എന്ന് വ്യാജ വാര്‍ത്ത; പി സി ജോര്‍ജ്ജ് പരാതി നല്‍കി

തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ പരാതിയുമായി പി സി ജോര്‍ജ്. കെ സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകള്‍ ആക്രമിക്കുന്നുവെന്ന രീതിയിലുള്ള വ്യാജ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്നെന്നാണ് പരാതി.

കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ഗ്രൂപ്പ് അഡ്മിന്‍ പാനലിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പ്രചരിക്കുന്ന ഫോട്ടോയും വീഡിയോയും കെ എം മാണിയും, പി ജെ ജോസഫും താനും ഒന്നിച്ചുണ്ടായിരുന്ന കാലഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിടനാട് പഞ്ചായത്തിലെ പാരിഷ് ഹാളില്‍ നടന്ന വനിതാ സമ്മേളനത്തിലെ സംഘര്‍ഷത്തിലേതാണെന്നും പി സി ജോര്‍ജ് പറയുന്നു.

പി സി ജോര്‍ജ്ജിന്റെ വീട്ടിലെത്തി കെ സുരേന്ദ്രന്‍ പിന്തുണ തേടിയിരുന്നു. തുടര്‍ന്ന്, തന്റെ പിന്തുണ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനാണെന്നും സുരേന്ദ്രന്‍ ജയിക്കുമെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പിന്നീടാണ് സ്ത്രീകള്‍ ഉള്‍പ്പെടെ പി സി ജോര്‍ജ്ജിനോട് കയര്‍ത്തു സംസാരിക്കുന്ന വീഡിയോ ഇടതുപക്ഷ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചത്. കെ. സുരേന്ദ്രനെ പിന്തുണക്കുന്നതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു പ്രചരണം.

Top