പി ബാലചന്ദ്രന് ആദരാഞ്ജലിയുമായി മോഹന്‍ലാല്‍

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു പി ബാലചന്ദ്രന്‍. പി ബാലചന്ദ്രന് മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മോഹന്‍ലാല്‍ പി ബാലചന്ദ്രന്റെ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ആദരാഞ്ജലികള്‍ ബാലേട്ടാ എന്നാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായ ഉള്ളടക്കത്തിന്റെ തിരക്കഥാകൃത്താണ് പി ബാലചന്ദ്രന്‍. ഡോ. സണ്ണി ജോസഫ് എന്ന മോഹന്‍ലാല്‍ കഥാപാത്രം പി ബാലചന്ദ്രന്റെ എഴുത്തിലാണ് ജനിച്ചത്. മോഹന്‍ലാലിന്റെ മാനറിസങ്ങളും കഥാപാത്രത്തില്‍ അടങ്ങിയിരുന്നു. മോഹന്‍ലാലിന്റെ പ്രകടനം എന്നും വിസ്മയത്തോടെ മാത്രം കാണാനാകുന്ന പവിത്രം എന്ന സിനിമയും എഴുതിയത് പി ബാലചന്ദ്രനാണ്.

മോഹന്‍ലാലിന്റെ അങ്കിള്‍ ബണിന്റെ തിരക്കഥാകൃത്തും പി ബാലചന്ദ്രനാണ്. പവിത്രത്തിലെ ഉണ്ണികൃഷ്ണന്‍ എന്ന ചേട്ടച്ഛന്‍ കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് നൊമ്പരമാണ്. തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന സിനിമയും മോഹന്‍ലാല്‍ നായകനായി പി ബാലചന്ദ്രന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജന്മംകൊടുത്ത എഴുത്തുകാരനാണ് ഇന്ന് യാത്രയായിരിക്കുന്നത്.

Top