വെളളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം; പി അയ്യാക്കണ്ണ്

ന്യൂഡല്‍ഹി; കേരളം നല്‍കിയ വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കര്‍ഷക നേതാവ് പി അയ്യാക്കണ്ണ്. ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ നെട്ടോട്ടം ഓടുമ്പോള്‍ കേരളം ട്രെയിന്‍ മാര്‍ഗം എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കുടിവെള്ളം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിക്കരുതെന്നാണ് അയ്യാക്കണ്ണ് ആവശ്യപ്പെടുന്നത്.

ബുധനാഴ്ചയ്ക്കുള്ളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം സംഘടിപ്പിക്കുമെന്നും ഡല്‍ഹിയില്‍ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകസമിതിയില്‍ പങ്കെടുക്കവെ അയ്യാക്കണ്ണ് മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട്ടില്‍ വെള്ളം കിട്ടാനില്ലാതെ സ്‌കൂളുകളും ഹോട്ടലുകളും ഹോസ്റ്റലുകളും അടച്ചുപൂട്ടി. വന്‍കിട ഐടി കമ്പനികള്‍ ജീവനക്കാരോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു. ആറ് മാസത്തിനുശേഷമാണ് വെള്ളിയാഴ്ച ചെന്നെയില്‍ മഴപെയ്തത്. മഴകിട്ടാതെ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത് കര്‍ഷകരാണ്.

കുടിവെള്ളംപോലും ഇല്ലാത്ത സാഹചര്യത്തില്‍ കൃഷിപ്പണിയും നിലച്ചു. ഈ അവസ്ഥയില്‍ കേരളം വാഗ്ദാനം ചെയ്ത വെള്ളം ഉടന്‍ ലഭ്യമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അയ്യാക്കണ്ണ് പറഞ്ഞു.

ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കാമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചെങ്കിലും തല്‍ക്കാലം ആവശ്യമില്ലെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന് സ്റ്റാലിന്‍ നന്ദിയും അറിയിച്ചു.

പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്ന് കേരളത്തിന്റെ വാഗ്ദാനം സ്വീകരിക്കാന്‍ തീരുമാനിച്ചു. പിണറായി വിജയനെ പളനിസ്വാമി നന്ദിയും അറിയിച്ചു. തുടര്‍ന്ന് എല്ലാ ദിവസവും 20 ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാന്‍ കേരളത്തിന് സാധിക്കുമോ എന്നും അഭ്യര്‍ഥനയും പളനിസ്വാമി മുന്നോട്ടുവച്ചു.

Top