തീവെട്ടിക്കൊള്ളക്കെതിരെയുള്ള പോരാട്ടത്തില്‍ യോജിക്കുവാന്‍ തയ്യാര്‍: മുഹമ്മദ് റിയാസ്

കോവിഡ് 19 രാജ്യത്തു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.

ഒപ്പം സ്വകാര്യ എണ്ണ കമ്പനികളെ പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ എതിര്‍ക്കാന്‍ തയ്യാറായാല്‍ സംയുക്ത സമരത്തിന് ഡിവൈഎഫ്‌ഐ തയ്യാറാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് റിയാസ് ഇക്കാര്യം ഉന്നയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച
ബി ജെ പി നേതൃത്വത്തോട്…

1) ആഗോള എണ്ണ വിപണിയില്‍ വന്‍ വിലത്തകര്‍ച്ച അഭിമുഖീകരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പെട്രോളിന്റെയും ഡീസലിന്‍ന്റെയും തീരുവ വര്‍ധിപ്പിച്ചത് ക്രൂര സമീപനമല്ലെ ?

2) ആഗോള എണ്ണ വിപണിയില്‍ വീപ്പക്ക് 33 ഡോളറായി എണ്ണ വില നേര്‍ പകുതി കുറഞ്ഞ ഈ സമയത്ത് ഇതിന്റെ ആനുകൂല്യം എന്തുകൊണ്ട് ജനങ്ങള്‍ക്ക് നല്‍കുന്നില്ല?

3) ഈ ഇനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ലഭിക്കുന്ന 39,000 കോടി രൂപ രൂപ ഇപ്പോള്‍ കൊറോണക്കാലത്ത് പോലും രാജ്യത്തെ ജനങ്ങളില്‍ നിന്നും മോദിയും കൂട്ടരും തട്ടിപ്പറിച്ചത് എന്തിന്?

4) റിലയന്‍സ്,എസ്സാര്‍,ഷെല്‍ എന്നീ എണ്ണ കമ്പനികള്‍ക്ക് കൊള്ളലാഭം ലഭിക്കുവാന്‍ അവസരം നല്‍കിയത് എന്തിനാണ് ?

5) ആഗോള എണ്ണ എണ്ണ വില കുറഞ്ഞ ഈ ഘട്ടത്തില്‍ നമ്മുടെ രാജ്യത്ത് 12 രൂപ വരെയെങ്കിലും 1ലിറ്ററിനു ന്യായമായി കുറക്കേണ്ടത്കുറക്കാത്തത് എന്തുകൊണ്ട് ?

6) ന്യായമായി കുറക്കേണ്ട വിലകുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം എണ്ണ വില ഇപ്പോള്‍ കൂട്ടിയിട്ടില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ബിജെപി അണികള്‍ക്ക് പോലും അംഗീകരിക്കാനുകുമോ?

ബിജെപി നേതൃത്വത്തോട് ചോദ്യങ്ങള്‍ ഇനിയും ഏറെയുണ്ട് ആവശ്യമെങ്കില്‍ ഇനിയും ചോദിക്കാം.

കോണ്‍ഗ്രസിനോട് ചിലത് പറയട്ടെ…

പെട്രോളിന്റെ വില നിയന്ത്രണ അധികാരം രാജ്യം എടുത്തു കളഞ്ഞതാണ് ഈ തീവെട്ടിക്കൊള്ള നടത്തുവാന്‍ സ്വകാര്യ എണ്ണ കമ്പനിക്ക് സൗകര്യം ആയത്. 2010 ജൂണ്‍ 25 ന് ഡോ:മന്‍മോഹന്‍സിംഗിന്റെ രണ്ടാം യു പി എ സര്‍ക്കാരാണ് ഈ നിലപാട് കൈക്കൊണ്ടത്,
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ പിന്തുണ ഉള്ളതുകൊണ്ട് ഈ നീക്കം അന്ന് തടഞ്ഞിരുന്നു. പാര്‍ലിമെന്‍ന്റില്‍ ഇടതുപക്ഷ അംഗബലം ശക്തമായാല്‍ ജനങ്ങള്‍ക്ക് എന്ത് ഗുണം എന്ന നിങ്ങളുടെ ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് മേല്‍ പറഞ്ഞ സംഭവം.

2010 ജൂണ്‍ 25 എടുത്ത നിലപാട് തെറ്റാണെന്ന് തുറന്നു പറഞ്ഞ് നവ ഉദാരവല്‍ക്കരണ നയത്തെ തള്ളി പറഞ്ഞാല്‍ ദേശീയ തലത്തില്‍
യൂത്ത് കോണ്‍ഗ്രസ്സുമായുള്‍പ്പടെ സ്വകാര്യ എണ്ണ കമ്പനിക്ക് വേണ്ടി മോദിയും കൂട്ടരും നടത്തുന്ന തീവെട്ടിക്കൊള്ളക്കെതിരെയുള്ള പോരാട്ടത്തില്‍ യോജിക്കുവാന്‍ ഡിവൈഎഫ്‌ഐ തയ്യാറാണ്.
-പി എ മുഹമ്മദ് റിയാസ്

Top