‘ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുന്നവര്‍ ഇസ്ലാം വിരോധിയാണെന്ന വാദം അസംബന്ധം’:മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുന്നവര്‍ ഇസ്ലാം വിരോധിയാണെന്ന വാദം അസംബന്ധമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. ഇന്ത്യന്‍ സ്റ്റേറ്റിനെ അട്ടിമറിക്കാനുള്ള പോരാട്ടത്തില്‍ മാവോയിസ്റ്റുകള്‍ മുസ്ലീം തീവ്രവാദ സംഘടനകളെ സംഖ്യകക്ഷികളായി കാണുന്നുണ്ട് എന്നത് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ ഭാവനയല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫെയ്‌സ് ബുക്കില്‍ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇസ്ലാമിക തീവ്രവാദത്തിനെതിരെ സംസാരിക്കുമ്പോള്‍ അത് ഇസ്ലാം മതത്തിനെതിരെയാണ് എന്ന് വ്യാഖാനിക്കാന്‍ ശ്രമിക്കുന്നവര്‍ ഇസ്ലാം മതവിശ്വാസികളുടെ മിത്രമല്ല ശത്രുതന്നെയാണ്. ഇന്നീ രാജ്യത്ത് ഹിന്ദുത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുമ്പോള്‍ അത് ഹിന്ദു മതത്തിനും രാജ്യത്തിനും എതിരാണ് എന്ന് പ്രഖ്യാപിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ അതെ ലോജിക്കാണ് ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ അത് മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന് വ്യാഖാനിക്കുന്നവരുടെതെന്നും റിയാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

നരേന്ദ്രമോദി ഭരണത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വേട്ടകളുടെ ഭാഗമായി മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ മതതീവ്രവാദത്തിന്റെ തെറ്റായ പാതയിലേക്ക് സഞ്ചരിക്കാതെ ചെറുപ്പക്കാര്‍ ഇടതുപക്ഷ മതേതര ജനാതിപത്യ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനോ ഡി.വൈ.എഫ്.ഐ പോലുള്ള സംഘനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായോ മുന്നിട്ടിറങ്ങുകയാണ് വേണ്ടത് എന്ന് മുസ്ലിം സമൂഹം തിരിച്ചറിയുന്നുണ്ട്. ഈ രാഷ്ട്രീയമാറ്റത്തെ ഭയത്തോടെ നോക്കുന്നവരാണ് കുളംകലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റുകള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയെ നിരവധി പേര്‍ വിമര്‍ശിതിന് പിന്നാലെയാണ് റിയാസ് പ്രതികരണവുമായി രംഗത്ത് എത്തിയത്.

താമരശേരിയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റ ഭാഗമായുളള സമാപന സമ്മേളനത്തിലായിരുന്നു മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ ആരോപണം. ഇസ്ലാമിക തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതെന്നുമായിരുന്നു മോഹനന്റെ വാക്കുകള്‍.

പി.എ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇസ്ലാമിക തീവ്രവാദത്തെഎതിര്‍ക്കുന്നവര്‍ ഇസ്ലാം വിരോധിയാണെന്ന വാദം അസംബന്ധം”
-പി .എ മുഹമ്മദ് റിയാസ്-

ഇന്ത്യന്‍ സ്റ്റേറ്റിനെ അട്ടിമറിക്കാനുള്ള പോരാട്ടത്തില്‍ മാവോയിസ്റ്റുകള്‍ മുസ്‌ളീം തീവ്ര വാദ സംഘടനകളെ സംഖ്യകക്ഷികളായി കാണുന്നുണ്ട് എന്നത് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ ഭാവനയല്ല. നേരത്തെ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ആയിരുന്ന, ഗണപതി എന്ന പേരില്‍അറിയപ്പെട്ട , മുപ്പളാ ലക്ഷമണ റാവുവിന്റെ പരസ്യമാക്കപ്പെട്ട അഭിമുഖത്തില്‍ അദ്ദേഹം തന്നെ ഇക്കാര്യം തുറന്നുപറഞ്ഞതാണ്.

സാര്‍വദേശീയ തലത്തിലും ഇത്തരം ചില സംഘടനകളും താലിബാനും കൈകോര്‍ത്തിനെക്കുറിച്ചു വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ സാമ്രജ്യത്വ വിരുദ്ധ പോരാളികള്‍ ആണെന്നാണ് മാവോയിസ്റ്റുകള്‍ കരുതുന്നത്. ഈയൊരു സൈദ്ധാന്തിക പരിസരത്തിലാണ് കേരളത്തിലും ചില മത മൗലികവാദ സംഘടനകള്‍ മാവോയിസ്റ്റ് അനുഭാവം പുലര്‍ത്തുന്നത്.

ഇസ്ലാമിക തീവ്രവാദത്തിനെതിരെ സംസാരിക്കുമ്പോള്‍ അത് ഇസ്ലാം മതത്തിനെതിരെയാണ് എന്ന് വ്യാഖാനിക്കാന്‍ ശ്രമിക്കുന്നവര്‍ ഇസ്ലാം മതവിശ്വാസികളുടെ മിത്രമല്ല ശത്രുതന്നെയാണ്. ഇന്നീ രാജ്യത്ത് ഹിന്ദുത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുമ്പോള്‍ അത് ഹിന്ദു മതത്തിനും രാജ്യത്തിനും എതിരാണ് എന്ന് പ്രഖ്യാപിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ അതെ ലോജിക്കാണ് ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ അത് മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന് വ്യാഖാനിക്കുന്നവരുടെതും.

ഇസ്ലാം മത വിശ്വാസികളില്‍ മഹാ ഭൂരിപക്ഷവും മതഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനിച്ച് അക്രമം നടത്തുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരാണ്. ഇസ്ലാം മതപണ്ഡിതരും മത സംഘടനകളില്‍ ഭൂരിപക്ഷവും വെറുപ്പിന്റെ രാഷ്ട്രീയം വില്‍ക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് എക്കാലവും എതിരാണ്. പലഘട്ടങ്ങളില്‍ അവരെല്ലാം ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതുമാണ്.അങ്ങനെയിരിക്കെ സമീപ കാലത്ത് ചില സംഭവങ്ങള്‍ നടന്ന കോഴിക്കോട് ജില്ലയിലെ സിപിഐ(എം) പോലൊരു പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ പി.മോഹനന്‍ മാസ്റ്റര്‍ ആവിമര്‍ശനം ഉന്നയിക്കുമ്പോള്‍ ,അത് ഇസ്‌ളാം മത വിരുദ്ധമാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ ആരുടെ പക്ഷത്താണ്? .

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍അക്രമത്തിന്റെ വഴി സ്വീകരിക്കുന്ന മാവോയിസ്റ്റുകളുടെയും ഇസ്ലാമിക തീവ്രവാദികളുടെയും കൂട്ടുകെട്ടുകളെ അന്വേഷിച്ച് തടയിടേണ്ടത് കേരളത്തിന്റെ സമാധാന ജീവിതത്തിന് അനിവാര്യമാണ്. ഇത്തരം കൂട്ടുകെട്ടുകളെ കുറിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു പുറത്തു വരണം എന്നു ആഗ്രഹിക്കുന്നവരാണ് മുസ്ലിം മത വിശ്വാസികള്‍ ഉള്‍പ്പടെയുള്ള കേരളീയ സമൂഹം.

നരേന്ദ്രമോദി ഭരണത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വേട്ടകളുടെ ഭാഗമായി മത ന്യുനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ മതതീവ്രവാദത്തിന്റെ തെറ്റായ പാതയിലേക്ക് സഞ്ചരിക്കാതെ ചെറുപ്പക്കാര്‍ ഇടതുപക്ഷ മതേതര ജനാതിപത്യ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനോ ഡി.വൈ.എഫ്.ഐ പോലുള്ള സംഘനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായോ മുന്നിട്ടിറങ്ങുകയാണ് വേണ്ടത് എന്ന് മുസ്ലിം സമൂഹം തിരിച്ചറിയുന്നുണ്ട്. ഈ രാഷ്ട്രീയമാറ്റത്തെ ഭയത്തോടെ നോക്കുന്നവരാണ് കുളംകലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നത് .

Top