പൗരത്വ ഭേദഗതി നിയമം; ഒരു ജനവിഭാഗത്തെ ഒറ്റരുത്… വേട്ടയാടരുത്: മുഹമ്മദ് റിയാസ്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ഈ നാട് നീതിയില്ലാത്ത ഒരു നിയമവും അംഗീകരിച്ചിട്ടില്ലെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഒരു ശക്തിക്കുമുന്നിലും മുട്ടുമടക്കിയിട്ടില്ലെന്നും കൂട്ടത്തില്‍നിന്ന് ഒറ്റുന്ന ഒരാള്‍ക്കും മാപ്പ്
കൊടുത്തിട്ടുമില്ലെന്നും അദ്ദേഹം പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ലേഖനത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

വെള്ളിയാഴ്ച പള്ളിയില്‍ പോയപ്പോള്‍ പള്ളി ഖത്വീബിന്റെ ഖുത്വുബ പ്രധാനമന്ത്രിക്കെതിരായ രാഷ്ട്രീയ പ്രസംഗമായി തോന്നി’. രാഷ്ട്രീയ അധാര്‍മികതയുടെ മാലിന്യവും പേറി അധികാരക്കൊതികൊണ്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയലയുന്ന മരംചാടി നേതാവിന്റെ ജല്‍പനമാണിത്. മദീനയില്‍ പ്രവാചകന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഇതുപോലെ കൂട്ടത്തില്‍നിന്ന് ഒറ്റുന്നവരുടേതായിരുന്നു. ‘മുനാഫിഖുകള്‍’. 1921 ല്‍ ബ്രിട്ടിഷ് ഏജന്റായി സ്വാതന്ത്ര്യഭടന്മാരെയും നാടിനെയും ഒറ്റിക്കൊടുത്ത ‘ആനക്കയം ഖാന്‍ ബഹദൂര്‍ ചേക്കുട്ടി ഇന്‍സ്പെക്ടര്‍’ എന്നൊരു മുനാഫിഖ് കേരള ചരിത്രത്തിലും ഉണ്ട്. മലബാര്‍ കലാപത്തിന്റെ ഒറ്റുകാരന്‍ സ്വാതന്ത്ര്യസമര പോരാളികളുടെ വെടിയേറ്റാണ് മരിച്ചത്.

സ്വാതന്ത്ര്യസമരത്തെ ഒറ്റിയും മാപ്പെഴുതിക്കൊടുത്തും ചതിച്ചും ബ്രിട്ടിഷുകാര്‍ക്ക് കങ്കാണിപ്പണി ചെയ്ത ഭീരുസവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന അഭിനവ മുനാഫിഖുകള്‍ രാജ്യത്തിന് വേണ്ടി പൊരുതിയവരുടെ പിന്മുറക്കാരെ രണ്ടാംതരം പൗരന്മാരാക്കുന്നത് ഏത് പാരമ്പര്യത്തിന്റെ ബലത്തിലാണ്. മതസ്വാതന്ത്ര്യം ഒരാളുടെയും പാര്‍ട്ടിയുടെയും ഔദാര്യമല്ല. മതനിരപേക്ഷ ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന ഉറപ്പാണ്. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ കാണിക്കുന്ന ആവേശത്തിന്റെ പത്തില്‍ ഒന്നുപോലും ഇന്ത്യന്‍ ഭരണഘടന പൊളിക്കുമ്പോള്‍ ഇവരില്‍ ഒന്നും കാണാത്തത് എന്തുകൊണ്ടാവും?

വൈദേശിക ആധിപത്യത്തിനെതിരേ സ്വന്തം പ്രസംഗം തയാറാക്കി വെള്ളിയാഴ്ചകളില്‍ ഖുത്വുബ നടത്തി ബ്രിട്ടിഷ് സര്‍വാധിപത്യത്തിനെതിരായി ജനങ്ങളെ അണിനിരത്താന്‍ ആഹ്വാനം നടത്തിയ മമ്പുറം തങ്ങളുടെ മകനായ സയ്യിദ് ഫസലിന്റെ മഹനീയ പാരമ്പര്യമുള്ളവരായ ദേശീയ ബോധമുള്ളവരാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ അട്ടിമറിക്കുന്നതിനെതിരേ പ്രസംഗിക്കുന്നത്. പലര്‍ക്കും അന്തമാനിലെ ഗവര്‍ണര്‍ പദവി എന്ന സ്വപ്നം ഉണ്ടായേക്കാം. പക്ഷേ അതിന് വേണ്ടി ഒരു ജനവിഭാഗത്തെ ഒറ്റരുത്… വേട്ടയാടരുത്…

ദേശീയ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത എം.പി നാരായണ മേനോനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ചരിത്രമുള്ള പള്ളി ഇമാമുമാരുടെ നാടാണിത്. ഐ.എന്‍.എയില്‍ ചേര്‍ന്നതിന് ബ്രിട്ടിഷ് പട്ടാളം അറസ്റ്റ് ചെയ്ത് തൂക്കുകയര്‍ വിധിച്ചപ്പോള്‍ ഒപ്പം വധശിക്ഷ വിധിക്കപ്പെട്ട സഹപ്രവര്‍ത്തകനായ അനന്തന്‍ നമ്പ്യാരേയും എന്നെയും ഒരുകയറില്‍ തൂക്കിക്കൊന്ന് സഹായിക്കണം എന്നുപറഞ്ഞ വക്കം അബ്ദുല്‍ ഖാദറിന്റെ നാടാണിത്. ഇവിടെ നിങ്ങള്‍ മതവിദ്വേഷത്തിന്റെ വിത്തെറിഞ്ഞ് അന്യമത വിദ്വേഷം കുത്തിവയ്ക്കരുത്. ഇന്ത്യയിലെ മുസ്ലിംകള്‍ ഇസ്ലാം രാഷ്ട്രവാദികളല്ല. ജനാധിപത്യത്തിന് വേണ്ടി സാമ്രാജ്യത്വത്തിനെതിരേ യുദ്ധം ചെയ്തവരുടെ പിന്‍മുറക്കാരാണ്.

പോര്‍ച്ചുഗീസുകാര്‍ക്കെതിരേ സാമൂതിരിയുടെ പടനയിച്ച് കൊതുമ്പുവള്ളത്തില്‍ പോയി പോര്‍ച്ചുഗീസ് നാവികപ്പടക്കെതിരേ തീപ്പന്തം എറിഞ്ഞ കുഞ്ഞാലിമരയ്ക്കാരുടെ നാട്. മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ അമരത്തുനിന്ന് പടനയിച്ചപ്പോള്‍ ബ്രിട്ടിഷുകാര്‍ പിടിച്ചുകെട്ടി മരണത്തിന് മുഖാമുഖം നിന്നപ്പോള്‍ മക്കയില്‍ താമസ സൗകര്യം ഒരുക്കാം എന്ന ഈമാനുള്ള ഏതൊരു മുസ്ലിമിനെയും മോഹിപ്പിക്കുന്ന വാഗ്ദാനത്തിന് മുന്നിലും ഞാന്‍ ജനിച്ചത് മക്കയില്‍ അല്ല, ഏറനാടിന്റെ മണ്ണിലാണ്, ഈ മണ്ണില്‍ ഞാന്‍ മരിച്ചുവീഴും. ഈ മണ്ണില്‍ ഞാന്‍ ലയിച്ചുചേരും എന്ന് ധീരമായി പ്രഖ്യാപിച്ച് കണ്ണുകെട്ടാതെ മുന്നില്‍നിന്ന് വെടിവയ്ക്കണം എന്ന അന്ത്യാഭിലാഷം പറഞ്ഞ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നാട്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരേ സാമൂതിരിയെ സഹായിക്കാന്‍ ബീജിപ്പൂര്‍ സുല്‍ത്താനോട് അഭ്യര്‍ഥിച്ച് തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥം എഴുതിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാട്…

ബ്രിട്ടിഷ് സര്‍ക്കാര്‍ അധികനികുതി ചുമത്തി തദ്ദേശീയരെ ബുദ്ധിമുട്ടിച്ചപ്പോള്‍ നികുതി നിഷേധം എന്ന സമരമുറ ഇന്ത്യക്ക് പരിചയപ്പെടുത്തിയ വെളിയങ്കോട് ഉമര്‍ഖാസിയുടെ പിന്‍മുറക്കാര്‍, അലി മുസ്ലിയാരുടെയും വക്കം അബ്ദുല്‍ ഖാദറിന്റെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും പിന്‍മുറക്കാര്‍… രാജ്യതാല്‍പര്യത്തിനായി ജാതി-മത ഭേദമന്യേ സമരം നയിച്ച പാരമ്പര്യമാണ് മലബാറിലെ പള്ളികള്‍ക്കുള്ളത്.

1947 മുതല്‍ 49 വരെ ഭരണഘടന നിര്‍മാണ സമിതിലെ ‘ആരായിരിക്കണം ഇന്ത്യന്‍ പൗരന്‍’ എന്ന ഗൗരവപരമായ ചര്‍ച്ചയില്‍ ‘ഇന്ത്യയില്‍ ജനിച്ച എല്ലാ മനുഷ്യര്‍ക്കും ഇന്ത്യന്‍ പൗരത്വം’ എന്ന വ്യവസ്ഥയാണ് അംഗീകരിച്ചത്. 1955 ലെ പൗരത്വനിയമവും ഇതിന് അടിവരയിടുകയാണ് ചെയ്യുന്നത്.എന്‍.ആര്‍.സി നടപ്പിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമായ അസമിലെ പൗരത്വം തെളിയിക്കാനായി നില്‍ക്കുന്ന ക്യൂവിലെ ഒരു 103 വയസുകാരന്‍ ചോദിച്ച നിഷ്‌കളങ്കമായ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ഉണ്ടാവുന്നതിനും മുന്നേ ഇവിടെ ജീവിക്കുന്ന ഞാനും പൗരത്വം തെളിയിക്കണോ?

Top