റോഡുകളിലെ വിജിലൻസ് പരിശോധന അനിവാര്യം: പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റോഡുകളിലെ വിജിലൻസ് പരിശോധന സ്വാഭാവിക പരിശോധനയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പരിശോധന അനിവാര്യമാണ്. തെറ്റുകളോട് സന്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് മാധ്യങ്ങളെ കണ്ട് വിമർശിക്കുന്നത് സ്ഥിരം ശീലമാക്കിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലാ ദിവസവും പറയാം. മറുപടിയെല്ലാം നൽകി. ആർക്കൊക്കെ പ്രിവിലേജ് എന്ന് കണ്ണാടി നോക്കി അദ്ദേഹം ചോദിക്കട്ടെ. പറഞ്ഞു കഴിഞ്ഞ കാര്യങ്ങൾ വീണ്ടും പറയുന്നത് ബോറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾക്ക് അടുത്ത വർഷത്തോടെ പുതിയ കലണ്ടർ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 2026 ഓടെ 50 ശതമാനം റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുമെന്ന് റിയാസ് വ്യക്തമാക്കി. മഴയും വെള്ളക്കെട്ടും അറ്റകുറ്റപ്പണികളെ കാര്യമായി ബാധിക്കുന്നതായി ദേശീയപാത വിഭാഗം അറിയിച്ചതായും മന്ത്രി പറഞ്ഞു. ഡ്രൈനേജ് സംവിധാനത്തിന്റെ കുറവ് പ്രശ്നമാണ്. റോഡ് ഏതായാലും കുഴികൾ ഉണ്ടാകാൻ പാടില്ല എന്നതാണ് നിലപാടെന്നും റിയാസ് പറഞ്ഞു.

Top