ozhive divasatha kali new film

SANAL

ജൂണ്‍ 17ന് ‘ഒഴിവുദിവസത്തെ കളി’ തീയറ്ററിലെത്തിക്കാനുള്ള ഓട്ടത്തിലാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഒഴിവുദിവസത്തെ കളിയുടെ പോസ്റ്ററുകളും സ്റ്റാന്‍ഡിയുമൊക്കെയായി സിനിമാവണ്ടിയില്‍ തിയേറ്ററുകള്‍ തോറും യാത്ര ചെയ്യുകയാണ്.

തിരുവനന്തപുരത്ത് മാത്രം റിലീസ് ചെയ്യാനുള്ള പ്ലാനുമായി മുന്നോട്ട് പോയ സനലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ആഷിഖ് അബു മുന്നോട്ട് വരുകയായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് സനല്‍കുമാര്‍ എഴുതിയ കുറിപ്പ്:

ഒഴിവുദിവസത്തെ കളി തിയേറ്ററിലെത്തിക്കാനുള്ള ഓട്ടത്തിലാണിപ്പോള്‍ സിനിമാവണ്ടി. ജൂണ്‍ 17; അതുമാത്രമാണ് ഓര്‍മയുള്ള ഒരേയൊരു തിയതി. ഒഴിവുദിവസത്തെ കളിയുടെ പോസ്റ്ററുകളും സ്റ്റാന്‍ഡിയുമൊക്കെയായി സിനിമാവണ്ടിയില്‍ തിയേറ്ററുകള്‍ തോറും യാത്രചെയ്യുകയാണ്.

തിയേറ്ററുകള്‍ ലഭ്യമാവുകയാണ് സിനിമകളെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ സംഭവം. ആദ്യം തിരുവനന്തപുരത്ത് മാത്രം റിലീസ് ചെയ്യാനുള്ള പ്ലാനുമായാണ് മുന്നോട്ട് പോയത്.

സിനിമയെ സപ്പോര്‍ട്ട് ചെയ്യാന്‍ ആഷിഖ് അബു മുന്നോട്ട് വന്നതോടെ ചിത്രമാകെ മാറി. കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിക്കാമെന്ന ധൈര്യം വന്നു.

ഒരുപാടാളുകളുടെ സപ്പോര്‍ട്ട് വന്നു. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി വന്നത്. ജൂണ്‍ 17 ന് ലാല്‍ ജോസ് മുന്‍ കൈ എടുത്ത് മറ്റൊരു ചെറുബജറ്റ് ചിത്രം കൂടി തിയേറ്ററുകളിലെത്തുകയാണ്.

ഒഴിവുദിവസത്തെ കളി LJ films ലൂടെ റിലീസ് ചെയ്യാന്‍ ലാല്‍ ജോസ് താല്പര്യപ്പെട്ടിരുന്നുവെന്നും മറ്റു രണ്ട് ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്യാനായിരുന്നു പ്ലാനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങളുടെതായ റിലീസുമായി മുന്നോട്ട് പോകുന്നതുകൊണ്ട് അദ്ദേഹം മറ്റു ചിത്രങ്ങള്‍ റിലീസ് ചെയ്യുകയാണെന്ന് പറഞ്ഞിരുന്നു.

അതില്‍ ആദ്യ ചിത്രം ജൂണ്‍ 10 ന് റിലീസ് ചെയ്യുന്നു എന്നാണ് പറഞ്ഞിരുന്നത്. ഇന്നലെയാണ് ആ സിനിമയും ജൂണ്‍ 17 നു തന്നെയാണ് LJ റിലീസ് ചെയ്യുന്നത് എന്നറിയുന്നത്. വളരെ സന്തോഷമുള്ള കാര്യമാണ്.

ആദ്യം ഒഴിവുദിവസത്തെ കളി കണ്ടുകഴിഞ്ഞ് അദ്ദേഹം പറഞ്ഞത് ഉഗ്രന്‍ സിനിമയാണിത് എന്നായിരുന്നു. പക്ഷെ തിയേറ്ററിലെ വിജയ സാധ്യതയെക്കുറിച്ച് സംശയമുള്ളതുകൊണ്ട് LJ വഴി റിലീസ് ചെയ്യാമോ എന്ന ചോദ്യത്തിന് ഉറപ്പൊന്നും തന്നില്ലായിരുന്നു.

പിന്നീടാണ് മൂന്ന് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യാനുള്ള പ്ലാനുണ്ടായിരുന്നു എന്നതൊക്കെ ഞാനറിയുന്നത്. എന്തായാലും ഒഴിവുദിവസത്തെ കളി റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തക്കും ആഷിഖ് അതിനു തുറന്ന പിന്തുണയുമായി മുന്നോട്ട് വരുന്നു എന്ന വാര്‍ത്തക്കും കിട്ടിയ ജനപിന്തുണ അത്ഭുതാവഹമാണ്.

അതാവണം ലാല്‍ ജോസും ഒഴിവുദിവസത്തെ കളി റിലീസ് ചെയ്യുന്ന ജൂണ്‍ 17 തന്നെ റിലീസിനായി തെരെഞ്ഞെടുത്തത്. ആ ദിവസം ചരിത്രത്തില്‍ കുറിക്കപ്പെടട്ടെ.

മലയാള സിനിമയോട് ചെയ്യുന്ന ഇത്തരം സഹായങ്ങളുടെ പേരിലാവട്ടെ ലാല്‍ ജോസിനെപ്പോലുള്ള വലിയ മനുഷ്യര്‍ ഓര്‍മിക്കപ്പെടുന്നത്. നല്ല സിനിമ വിജയിക്കട്ടെ.

നന്മകള്‍ വരട്ടെ

സ്‌നേഹത്തോടെ

സനല്‍ കുമാര്‍ ശശിധരന്‍

Top