ഓക്‌സിജന്‍ ക്ഷാമം: ഗോവ മെഡിക്കല്‍ കോളജില്‍ നാലു മണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍

ഗോവ: ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലുമണിക്കൂറിനിടെ മരിച്ചത് 26 കോവിഡ് രോഗികള്‍. പുലര്‍ച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങള്‍ ഉണ്ടായത്. തിങ്കളാഴ്ച വരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായിരുന്നുവെന്നാണ്ആരോഗ്യമന്ത്രി റാണെ അറിയിച്ചത്. സംഭവത്തിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു.

1,200 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളിടത്ത് 400 എണ്ണം മാത്രമാണ് ലഭിച്ചത്.മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമുണ്ടെങ്കില്‍, അതിന് പരിഹാരമുണ്ടാക്കാന്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വാര്‍ഡുകളിലേക്ക് മതിയായ രീതിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ എത്താത്തതാകാം മരണത്തിന് കാരണമായതെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചത്.

മെഡിക്കല്‍ ഓക്‌സിജന്റെ സുഗമമായ വിതരണം ഉറപ്പാക്കാന്‍ വാര്‍ഡ് തിരിച്ചുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇതിനായി ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും സിലിണ്ടറുകളുടെയും കുറവ് സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top