ഓക്‌സിജന്‍ എത്താന്‍ വൈകി; തെലങ്കാനയില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്കറെത്താന്‍ വൈകിയതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് വഴി തെറ്റിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ഓക്സിജനെത്താന്‍ വൈകിയത്. ഹൈദരാബാദിലെ കിങ് കോട്ടി ആശുപത്രിയില്‍ ഞായറാഴ്ചയാണ് ദയനീയസംഭവം നടന്നത്.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. 35 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച നാല് രോഗികളെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഓക്സിജന്‍ ശേഖരം കുറയുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ വിതരണകേന്ദ്രത്തില്‍ വിവരമറിയിച്ചു. ആശുപത്രിയിലേക്ക് വരുന്നതിനിടെ ജദ്ചെര്‍ലയില്‍ വെച്ച് ഡ്രൈവര്‍ക്ക് വഴി തെറ്റി. ടാങ്കറെത്താന്‍ വൈകിയതോടെ പരിഭ്രമത്തിലായ ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തെ തിരഞ്ഞ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിയിരുന്നു.

 

 

Top